സംഘ്പരിവാർ നേതാവ് ചൈത്രയുടെ കാറും സ്വർണവും പണവും പിടിച്ചെടുത്തു

മംഗളൂരു: സംഘ്പരിവാർ നേതാവും മാധ്യമപ്രവർത്തകയുമായ ചൈത്ര കുന്താപുര നിയമസഭ സീറ്റിന് കോഴ വാങ്ങിയതിലൂടെയും മറ്റും അഴിമതിയിലൂടെ നേടിയ സമ്പാദ്യങ്ങൾ ഓരോന്നായി പൊലീസ് കണ്ടെത്തുന്നു. കാർ, ബാങ്ക് നിക്ഷേപം, വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങൾ എന്നിവ കണ്ടെത്തിയ ക്രൈംബ്രാഞ്ച്, ഭൂമി വാങ്ങിയതിന്റെ രേഖകളും പിടിച്ചെടുത്തു. മൊത്തം മൂന്ന് കോടിയോളം രൂപയുടെ വസ്തുവകകളാണ് കണക്കാക്കുന്നത്.

ചൈത്രയുടെ പേരിലുള്ള കാർ ഭഗൽകോട്ട് ജില്ലയിലെ മുഥൂലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ചൈത്രയുടെ സുഹൃത്തും ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരനുമായ കിരൺ ഉപയോഗിക്കുകയായിരുന്നു കാർ. ചൈത്രയുടേയും അറസ്റ്റിലായ ശ്രീകാന്തിന്റേയും പേരിൽ ഉഡുപ്പി ശ്രീരാമ സൊസൈറ്റിയിലെ ജോയിന്റ് അക്കൗണ്ടിൽ 1.8 കോടി രൂപയുടെ സ്ഥിര നിക്ഷേപമാണുള്ളത്. ചൈത്രയുടെ ബന്ധു മാനജരായ മറ്റൊരു സൊസൈറ്റിയിൽ തന്റെ പേരിൽ 40 ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തി.

ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ച 65 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതി ശ്രീകാന്തിന്റെ വീട്ടിൽ നിന്ന് 45 ലക്ഷം രൂപ പിടിച്ചെടുത്തു. അതിനിടെ ഒളിവിൽ കഴിയുന്ന മൂന്നാം പ്രതി അഭിനവ ഹാലശ്രീ സ്വാമി അരക്കോടി രൂപ ബൈന്തൂരിലെ വ്യവസായിയും വഞ്ചന കേസിൽ പരാതിക്കാരനുമായ ഗോവിന്ദ ബാബു പൂജാരിക്ക് തിരിച്ചു നൽകിയതായി വിവരമുണ്ട്.

ഭൂമി ഇടപാടുകൾക്ക് ചൈത്ര പണം നൽകിയതായും സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയതായും സൂചന ലഭിച്ച ക്രൈംബ്രാഞ്ച് സംഘം ഇതേക്കുറിച്ചും അന്വേഷണം നടത്തുകയാണ്. ചൈത്ര തന്റെ ജ്യേഷ്ഠ സഹോദരിയുടെ വീട് 15 ലക്ഷം രൂപ മുടക്കി നവീകരിച്ചു എന്നതാണ് പൊലീസിന്റെ മറ്റൊരു കണ്ടെത്തൽ.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായി ഗോവിന്ദ ബാബു പൂജാരിയിൽനിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ചൈത്രയെ ഉഡുപ്പി കൃഷ്ണമഠം പരിസരത്തുനിന്ന് ബംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ബോധരഹിതയായ ചൈത്ര ജുഡീഷ്യൽ കസ്റ്റഡിയിൽ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.

Tags:    
News Summary - Sangh Parivar leader chaithra kundapura's car gold and cash seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.