ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ് പ്രകടന പത്രികയിൽ പോപുലർ ഫ്രൻഡുമായി ബജ്റംഗ് ദളിനെ താരതമ്യം ചെയ്തുവെന്ന് ആരോപിച്ച് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് നോട്ടീസ് അയച്ച് പഞ്ചാബ് കോടതി. ‘ഹിന്ദു സുരക്ഷ പരിഷത്ത്’ ദേശീയ അധ്യക്ഷൻ എന്നവകാശപ്പെട്ട് ഹിതേഷ് ഭരദ്വാജ് എന്നയാൾ സമർപ്പിച്ച ഹരജിക്ക് ജൂലൈ 10നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് സംഗ്രൂർ ജില്ല കോടതിയാണ് മേയ് 12ന് ഖാർഗെക്ക് നോട്ടീസ് അയച്ചത്.
മതത്തിന്റെയും ജാതിയുടെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പരത്തുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ കർശന നടപടി എടുക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. ഭരണഘടന പവിത്രമാണെന്നും ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളിൽ ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിച്ച് അത് ലംഘിക്കാൻ ബജ്റംഗ് ദൾ, പോപുലർ ഫ്രൻഡ് ഓഫ് ഇന്ത്യ പോലുള്ള സംഘടനകൾക്കോ മറ്റുള്ളവർക്കോ വ്യക്തികൾക്കോ ആവില്ലെന്നും വ്യക്തമാക്കിയ പ്രകടനപത്രിക അധികാരത്തിലെത്തിയാൽ അത്തരക്കാർക്കെതിരെ നിരോധനം അടക്കമുള്ള കർശന നടപടി എടുക്കുമെന്നും പറഞ്ഞിരുന്നു.
നിരോധിത സംഘടനയായ പോപുലർ ഫ്രൻഡുമായി വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ ബജ്റംഗ് ദളിനെ സമീകരിച്ചത് കോടിക്കണക്കിന് ബജ്റംഗ് ദൾ അനുയായികൾക്കും ഹനുമാൻ ഭക്തർക്കും അപമാനകരമാണെന്ന് ഹരജിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.