ന്യൂഡൽഹി: യഥാർത്ഥ കായികതാരങ്ങൾ പരിശീലനം ആരംഭിച്ചു കഴിഞ്ഞെന്നും രാഷ്ട്രീയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ശ്രമിക്കുന്നവർക്ക് അത് തുടരാമെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ സഞ്ജയ് സിങ്. സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ തലവനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രൂക്ഷ വിമർശനവുമായി സാക്ഷി മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങൾക്കെതിരെ വിമർശനവുമായി സഞ്ജയ് രംഗത്തെത്തിയത്. ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ സ്ഥാനം നഷ്ടമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്.
എം.പിയായ ബ്രിജ് ഭൂഷണുമായി തനിക്ക് അടുത്ത സൗഹൃദമുണ്ട്. വാരാണസിയിൽ ഗുസ്തി ഫെഡറേഷൻ തലവനായി സ്ഥാനം വഹിച്ചിട്ടുണ്ടെന്നും ഒരു എം.പിയുമായി സൗഹൃദം സ്ഥാപിക്കുന്നത് കുറ്റകൃത്യമാണോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമായിരുന്നു സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനായി തെരഞ്ഞെടുത്തത്. പ്രഖ്യാപനത്തിന് പിന്നാലെ ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മലിക് രംഗത്തെത്തിയിരുന്നു. ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടുള്ള സമരത്തിൽ 40 ദിവസമാണ് തെരുവോരത്ത് ഉറങ്ങിയത്. ബ്രിജ് ഭൂഷൻറെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷനാവുകയാണെങ്കിൽ ഞാൻ ഗുസ്തി അവസാനിപ്പിക്കുകയാണെന്നും കേന്ദ്ര സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടുവെന്നും സാക്ഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സാക്ഷി മാലിക്കിന് പിന്നാലെ ബജ്റംഗ് പുനിയയും അധ്യക്ഷനെതിരെ രംഗത്തെത്തിയിരുന്നു. ഗുസ്തിതാരങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് പദ്മശ്രീ പുരസ്‌കാരം തിരികെ നൽകുകയാണെന്നായിരുന്നു ബജ്റംഗ് പുനിയയുടെ പരാമർശം. ഇത് സംബന്ധിച്ചു പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.