‘സഞ്ജീവ് ഭട്ട്! ധൈര്യത്തിന്റെയും നീതിയുടെയും പ്രതീകമാണ് ആ പേര്’; തടവറയിൽ അഞ്ചുവർഷം പിന്നിടുന്ന പ്രിയതമന് പിന്തുണയുമായി ശ്വേതാ ഭട്ടിന്റെ കുറിപ്പ്...

ന്യൂഡൽഹി: ‘അചഞ്ചലമായ ധീരതയും അജയ്യമായ ആത്മവീര്യവും പ്രതിധ്വനിക്കുന്നതാണ് സഞ്ജീവ് ഭട്ട് എന്ന പേര്. തുടരുന്ന അന്യായമായ പീഡനങ്ങൾക്കുമുന്നിലെ പ്രതിരോധത്തിന്റെയും നീതിയുടെയും പ്രതീകമാണത്’ -കള്ളക്കേസ് ചുമത്തി ഭരണകൂടം കാരാഗൃഹത്തിലടച്ച മുൻ ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ പോരാട്ടവീര്യത്തെ പ്രകീർത്തിച്ചും പിന്തുണയറിയിച്ചും ഭാര്യ ശ്വേതാ ഭട്ടി​ന്റെ കുറിപ്പ്. വ്യാജകേസിൽ സഞ്ജീവ് തടവിലാക്കപ്പെട്ടിട്ട് അഞ്ച് വർഷം പൂർത്തിയാകുന്ന ദിനത്തിലാണ് ശ്വേത വികാരനിർഭരവും പ്രചോദനപരവുമായ കുറിപ്പ് ട്വിറ്ററിൽ (എക്സ്) പങ്കുവെച്ചത്.

സഞ്ജീവിന്റെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താനും തകർക്കാനും കഴിയുമെന്ന് കരുതിയാണ് ഭരണകൂടം അദ്ദേഹത്തെ ജയിലിലടച്ചതെന്നും എന്നാൽ അദ്ദേഹം കൂടുതൽ ശക്തനാവുകയാണുണ്ടായതെന്നും ശ്വേത കുറിച്ചു. ഭയവും അത്യാഗ്രഹവും കൊണ്ട് വികലാംഗരായ ദുർബലരായ ഭീരുക്കൾക്ക് സഞ്ജീവിനെപ്പോലെയുള്ള ഒരാളുടെ ധീരതയും ശക്തിയും അളക്കാൻ കഴിയില്ല. സഞ്ജീവിന്റെ ശബ്ദം ഇല്ലാതാക്കാൻ ഭരണകൂടം തങ്ങളുടെ അധികാരത്തെയും സ്ഥാപനങ്ങളെയും ആസൂത്രിതമായി ദുരുപയോഗം ചെയ്തുവെന്നും ശ്വേത പറഞ്ഞു. സഞ്ജീവ് ഭട്ടിന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പിന്റെ പൂർണരൂപം..

‘അഞ്ച് വർഷം മുമ്പ് ഈ ദിവസം, ഞങ്ങളു​ടെ അടിത്തറയിളക്കിയ കൊടിയ അനീതിക്കാണ് സാക്ഷ്യം വഹിച്ചത്. ധീരനായ, സത്യസന്ധനായ, നിർഭയനായ സഞ്ജീവ് ഭട്ട് എന്ന ഉദ്യോഗസ്ഥന്‍റെ ആത്മവീര്യം തകർക്കാനും, സത്യത്തോടും നീതിയോടു​മുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയെ നിശബ്ദമാക്കാനുമുള്ള വിഫലവും നിർലജ്ജവുമായുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന സർക്കാർ അദ്ദേഹത്തെ വ്യാജ കേസിൽ തടവിലാക്കി.

നീതിക്കായുള്ള ഞങ്ങളുടെ പോരാട്ടം അഞ്ച് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ, സഞ്ജീവിന്റെ അജയ്യമായ ശക്തിയിലും ധൈര്യത്തിലും നിശ്ചയദാർഢ്യത്തിലും ഞങ്ങൾ പ്രചോദിതരാണ്. സഞ്ജീവിന്റെ ശബ്ദം ഇല്ലായ്മ ചെയ്യാനും കുഴിച്ചുമൂടാനും ഈ ഭരണകൂടം അതിന്റെ അധികാരത്തെയും സ്ഥാപനങ്ങളെയും ആസൂത്രിതമായി ദുരുപയോഗം ചെയ്തു. പക്ഷേ അദ്ദേഹത്തെ തകർക്കുന്നതിനുപകരം, ഈ കഴിഞ്ഞ വർഷങ്ങൾ സഞ്ജീവിനെ പതറാത്ത കരുത്തിന്റെയും വഴങ്ങാത്ത ധൈര്യത്തിന്റെയും പ്രതീകമാക്കി മാറ്റി.

സഞ്ജീവിന്റെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്താനും തകർക്കാനും കഴിയുമെന്ന് ഈ ഭരണകൂടം കരുതി. എന്നാൽ, ഭയവും അത്യാഗ്രഹവും കൊണ്ട് വികലാംഗരായി മാറിയ ദുർബലരായ ഭീരുക്കൾക്ക് സഞ്ജീവിനെപ്പോലെയുള്ള ഒരാളുടെ ധീരതയും ശക്തിയും അളക്കാൻ കഴിയില്ല. ഇത്തരം സമ്മർദങ്ങൾക്ക് വിധേയനാകുന്നയാളല്ല അദ്ദേഹം. അടിച്ചമർത്തപ്പെടുമ്പോൾ നിരാശനാകുന്ന തരക്കാരനല്ല സഞ്ജീവ്. കൂടുതൽ കരുത്തോടെ പോരാടുക തന്നെ ചെയ്യും. ഈ ഭരണകൂടത്തെപ്പോലെ ഭയത്താൽ കെട്ടിപ്പടുത്ത അധികാരത്തിലല്ല, മറിച്ച് സഞ്ജീവിന്റെ ശക്തി അദ്ദേഹത്തിന്റെ സത്യസന്ധത, ആത്മാർഥത, നിലപാടുകൾ, കുടുംബം എന്നിവയിലാണ്. ഒപ്പം അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളും അദ്ദേഹത്തിന് അതിരില്ലാത്ത ശക്തി പകരുന്നു.

അടിച്ചമർത്താനുള്ള ദയാശൂന്യരായ ഭരണകൂടത്തിന്റെ ശ്രമങ്ങൾ സഞ്ജീവിനെ മുമ്പത്തേക്കാൾ കൂടുതൽ ശക്തനാക്കിയിട്ടേയുള്ളൂ. അദ്ദേഹം ഒരു പോരാളിയാണ്. പ്രതിസന്ധികളെ അതിജീവിച്ചവനാണ്. കഴിഞ്ഞ 22 വർഷം, പ്രത്യേകിച്ച് കഴിഞ്ഞ അഞ്ച് വർഷം സഞ്ജീവും ഞാനും ഞങ്ങളുടെ കുട്ടികളും സങ്കൽപ്പിക്കാൻ കഴിയാത്ത രീതിയിലുള്ള ​പ്രതിസന്ധികളും പ്രശ്നങ്ങളും സഹിക്കുകയും അതിജീവിക്കുകയും ചെയ്തവരാണ്. അതുവഴി, ഞങ്ങളെല്ലാവരും എന്നത്തേക്കാളും കരുത്തോടെ ഉയർന്നുനിൽക്കുന്നുണ്ട്. ഞങ്ങളെ തകർക്കാൻ കെൽപ്പുള്ള ഒന്നും ഇനിയുണ്ടാകില്ല.

അധികാരം പലപ്പോഴും തത്ത്വത്തെ തുരത്തുന്ന ഒരു ലോകത്ത്, സഞ്ജീവ് എല്ലായ്പോഴും ധൈര്യത്തോടെ തന്റെ നിലപാടിൽ ഉറച്ചുനിന്നു. മനസ്സാക്ഷിയില്ലാതെ ബലപ്രയോഗം നടത്തുന്ന വ്യവസ്ഥയെ അഭിമുഖീകരിച്ചിട്ടും, എപ്പോഴും തന്റെ സത്യവും സമഗ്രതയും മുറുകെ പിടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സഞ്ജീവിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം, സത്യത്തെയും അഖണ്ഡതയെയും ഒരിക്കലും തടവിലാക്കാനാവില്ലെന്ന ഓർമപ്പെടുത്തലാണ്!

ദൃഢമായ ധീരതയും അജയ്യമായ ആത്മവീര്യവും പ്രതിധ്വനിക്കുന്നതാണ് സഞ്ജീവ് ഭട്ട് എന്ന പേര്. തുടരുന്ന അന്യായമായ പീഡനങ്ങൾക്കുമുന്നിലെ പ്രതിരോധത്തിന്റെയും നീതിയുടെയും പ്രതീകമാണത്.

ഒരുമിച്ച്, അനീതിയുടെ അന്ധകാരം അകറ്റാനാകുമെന്നും സത്യത്തിന്റെയും നീതിയുടെയും വെളിച്ചം ഒടുവിൽ വിജയത്തിലെത്തുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം. കുടുംബത്തിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും അകന്ന് കഴിയേണ്ടി വന്ന വർഷങ്ങളുടെ പട്ടികയിൽ അവസാനത്തേതാകട്ടെ ഇത്... സഞ്ജീവിനെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്ന് നമുക്ക് ഒരുമിച്ച് ശപഥം ചെയ്യാം’- ശ്വേത ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Sanjiv Bhatt's wife reacts over completing his five year of false incarceration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.