ന്യൂഡൽഹി: സാന്റിയാഗോ മാർട്ടിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിലെ വിവരങ്ങൾ പരിശോധിക്കുകയോ പകർത്തുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി. സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനങ്ങളിലും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധന നടത്തരുതെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.
ആറ് സംസ്ഥാനങ്ങളിലായി 22 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. മേഘാലയ പൊലീസിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് മേഘാലയിൽ അനധികൃതമായി സംസ്ഥാനത്ത് ലോട്ടറി കച്ചവടം നടത്തിയെന്നാണ് മേഘാലയയുടെ പരാതി.
ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, പങ്കജ് മിത്തൽ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിലെ ജീവനക്കാരാണ് ഹരജി സമർപ്പിച്ചത്.
തങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്. സ്വകാര്യതക്കുള്ള തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. വ്യക്തപരമായ വിവരങ്ങളാണ് ഡിജിറ്റൽ ഉപകരണങ്ങളിലുള്ളത്. അത് പരിശോധിക്കുന്നത് വ്യക്തികളുടെ ജീവിതത്തെ ബാധിക്കുമെന്ന് ജീവനക്കാർ ഹരജിയിൽ പറഞ്ഞിരുന്നു.
ഡിജിറ്റൽ ഉപകരണങ്ങളിലെ ഡാറ്റ പരിശോധിക്കുന്നതിനായി ഓഫീസിൽ ഹാജരാവണമെന്ന ഇ.ഡി സമൻസും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. അതേസമയം, സുപ്രീംകോടതി വിധി തിരിച്ചടിയല്ലെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.