ന്യൂഡൽഹി: ഫെബ്രുവരി 27 ന് തന്നെ എ.എ.പി നേതാവ് സത്യേന്ദർ ജെയിൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് രാജി കത്ത് അയച്ചതായി അധികൃതർ അറിയിച്ചു. തനിക്ക് നൽകിയ അവസരത്തിന് നന്ദിയുണ്ടെന്ന് കെജ്‌രിവാളിനയച്ച കത്തിൽ സത്യേന്ദർ ജെയിൻ പറഞ്ഞു.
"മന്ത്രി സ്ഥാനം ഞാൻ രാജിവെക്കുന്നു. ഡൽഹിയിലെ ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് നന്ദിയുണ്ട്. എന്‍റെ രാജിക്കത്ത് സ്വീകരിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു"- സത്യേന്ദർ ജെയിൻ കത്തിൽ പറഞ്ഞു.
അഴിമതിക്കേസിൽ അറസ്റ്റിലായ മനീഷ് സിസോദിയയുടെയും ജെയിനിന്‍റെയും രാജി ഇന്നലെയാണ് ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനക്കയച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ വർഷം ജെയിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ബി.ജെ.പി അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ടിരുന്നു.
2015ൽ എ.എ.പി അധികാരത്തിൽ വന്നത് മുതൽ പ്രധാനപ്പെട്ട വകുപ്പുകൾ വഹിച്ചിരുന്ന നേതാക്കളാണ് മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും. അഴിമതി ആരോപണം നേരിടുന്ന മന്ത്രിമാർ തുടരുന്നത് ആം ആദ്മിയുടെ പ്രതിച്ഛായക്ക് പ്രതികൂലമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.