ന്യൂഡൽഹി: അറസ്റ്റിലായ എ.എ.പി മന്ത്രി സത്യേന്ദർ ജെയിന് തിഹാർ ജയിലിൽ ലഭിക്കുന്ന വി.വി.ഐ.പി പരിഗണനയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സത്യേന്ദർ ജയിന്‍റെ സെല്ല് രണ്ടുപേർ ചേർന്ന് വൃത്തിയാക്കുന്ന വിഡിയോ ആണ് ഞായറാഴ്ച രാവിലെ പുറത്ത് വന്നിരിക്കുന്നത്.
സെപ്റ്റംബർ 13, 15, ഒക്ടോബർ ഒന്ന് ദിവസങ്ങളിൽ റെക്കോർഡ് ചെയ്യപ്പെട്ട ദൃശ്യങ്ങളാണിത്. മന്ത്രിയുടെ സെല്ലിന്‍റെ തറ അടിച്ചുവാരുന്നതും കിടക്ക വൃത്തിയാക്കുന്നതും ദൃശങ്ങളിൽ കാണാം. സത്യേന്ദർ ജെയിൻ ജയിലിൽ അതിഥികളുമായി സംസാരിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
സെപ്റ്റംബർ 12ന് രാത്രി എട്ടുമണിക്കുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. നവംബർ 19നാണ് ജയിലിൽ സത്യേന്ദർ ജെയിനിന് മസാജ് ചെയ്ത് നൽകുന്നതിന്റെ വിഡിയോ പുറത്തു വന്നത്. വിവാദമായതോടെ ചികിത്സയുടെ ഭാഗമായാണ് മസാജെന്ന വാദവുമായി എ.എ.പി രംഗത്തെത്തി.
ജയിലിൽ ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും 36 കിലോയോളം ഭാരം കുറഞ്ഞെന്നും ചൂണ്ടിക്കാട്ടി കോടതിയിൽ പരാതി നൽകിയതിന് പിന്നാലെ ജയിലിൽ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന സത്യേന്ദർ ജെയിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. അതേസമയം, മതവിശ്വാസമനുസരിച്ചുള്ള ഭക്ഷണം നൽകാൻ തിഹാർ ജയിൽ അധികൃതരോട് നിർദേശിക്കണമെന്ന മന്ത്രിയുടെ അപേക്ഷ ഡൽഹി കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.