ന്യൂഡൽഹി: രാജ്യത്തെ മദ്റസ പ്രവർത്തനത്തിനെതിരെ അസാധാരണ നീക്കവുമായി രംഗത്തുവന്ന ദേശീയ ബാലാവകാശ കമീഷനെ, ചീഫ് ജസ്റ്റിസിനൊപ്പം മൂർച്ചയുള്ള ചോദ്യങ്ങളുമായി നേരിട്ട് ജസ്റ്റിസ് ജെ.ബി. പർദീവാലയും. മദ്റസകളുടെ മുഴുവൻ പാഠ്യപദ്ധതിയും ദേശീയ ബാലാവകാശ കമീഷൻ പഠിച്ചിട്ടുണ്ടോ എന്നായിരുന്നു ജസ്റ്റിസ് പർദീവാലയുടെ ചോദ്യം.
പഠിച്ചുവെന്ന, ബാലാവകാശ കമീഷൻ അഭിഭാഷക മാധവി ദിവാന്റെ മറുപടിക്ക്, മതവിദ്യാഭ്യാസം എന്താണെന്നാണ് കമീഷൻ മനസ്സിലാക്കിയിട്ടുള്ളതെന്ന് തിരിച്ചുചോദിച്ചു. ‘മത വിദ്യാഭ്യാസം’ എന്ന് പിറുപിറുക്കുകയല്ലാതെ കമീഷന്റെ വാദത്തിന് ഒരടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് വിമർശിക്കുകയും ചെയ്തു.
മദ്റസ ബോർഡിൽ മതപണ്ഡിതർ മാത്രമാണ് അംഗങ്ങളെന്നും അതുകൊണ്ട് കുട്ടികൾക്ക് ഒരു ലോകകാഴ്ചപ്പാട് മാത്രമേയുണ്ടാകൂ എന്നായിരുന്നു അഭിഭാഷകയുടെ ഒരു വാദം. അപ്പോൾ, ‘മറ്റു മതപാഠശാലകളിൽ കുഞ്ഞുങ്ങളെ ചേർത്തുമ്പോഴോ’ എന്ന് കോടതി തിരിച്ചുചോദിച്ചു. മറ്റു മതപാഠശാലകളിൽ പോകുന്നവർ ലോകം തിരസ്കരിച്ച് സന്യാസ ജീവിതത്തിന് പ്രതിജ്ഞയെടുക്കുന്നവരാണെന്നും ഇതും മദ്റസയും താരതമ്യം ചെയ്യരുതെന്നും അഭിഭാഷക വാദിച്ചു.
മദ്റസയിലെ കുട്ടികൾ ഈ ലോകത്തെ തള്ളിപ്പറയുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. മുതിർന്ന അഭിഭാഷകരായ മുകുൽ രോഹത്ഗി, പി. ചിദംബരം, അഭിഷേക് മനു സിങ്‍വി, സൽമാൻ ഖുർശിദ് എന്നിവർ അലഹാബാദ് ഹൈകോടതി വിധിക്കെതിരെ ശക്തമായ വാദമുഖങ്ങൾ നിരത്തി. കമീഷൻ റിപ്പോർട്ടിലെ ചില പരാമർശങ്ങൾ ഇസ്‍ലാമോഫോബിക് ആണെന്ന് അഡ്വ. ഷംഷാദ് ചൂണ്ടിക്കാട്ടി.
സർക്കാർ അംഗീകാരവും സഹായവുമുള്ള സ്ഥാപനങ്ങൾ സ്ഥാപിച്ച മതവിഭാഗങ്ങൾക്ക് അവിടെ മതവിദ്യാഭ്യാസം നൽകാനുള്ള അവകാശം ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗി വാദിച്ചു. ഭരണഘടനയുടെ 28(3) അനുച്ഛേദം, കുട്ടികൾക്ക് സ്വയം സന്നദ്ധരായി മതവിദ്യാഭ്യാസം നേടാനുള്ള അനുവാദം നൽകുന്നുണ്ടെന്നും നിർബന്ധിക്കരുതെന്നേയുള്ളൂ എന്നും സുപ്രീംകോടതി ഇതിനോട് യോജിച്ചു.
ഹൈകോടതി വിധി മതേതരത്വത്തിന് എതിരാണെന്ന് രോഹത്ഗി ബോധിപ്പിച്ചപ്പോൾ, മതേതരത്വമെന്നാൽ ജീവിക്കുന്നതിനൊപ്പം ജീവിക്കാൻ അനുവദിക്കുക കൂടിയാണെന്ന് ബെഞ്ച് കൂട്ടിച്ചേർത്തു. 2004ലെ യു.പി മദ്റസ വിദ്യാഭ്യാസ ബോർഡ് നിയമം ഒന്നാകെ റദ്ദാക്കാതെ അതിലെ ചില വ്യവസ്ഥകൾ മാത്രം എടുത്തുകളഞ്ഞാൽ മതിയെന്ന് യു.പി സർക്കാറിന് വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.