ന്യൂഡൽഹി: ആർ.എസ്.എസിന് റൂട്ട് മാർച്ചുകൾ നടത്താനുള്ള അനുമതി നൽകാൻ തമിഴ്നാട് സർക്കാറിനോട് നിർദേശിച്ച് സുപ്രീംകോടതി. നവംബർ 19നോ 26നോ റൂട്ട് മാർച്ചുകൾ നടത്താനുള്ള അനുമതിയാണ് നൽകേണ്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. റൂട്ട് മാർച്ചുകളുടെ എണ്ണം ഓരോ ജില്ലയിലും ഒന്നായി ചുരുക്കണമെന്ന തമിഴ്നാട് സർക്കാറിന്‍റെ ആവശ്യം കോടതി തള്ളി.
റൂട്ട് മാർച്ച് കടന്നുപോകുന്ന വഴികളുടെ വിശദാംശങ്ങൾ മൂന്ന് ദിവസത്തിനകം സർക്കാറിന് നൽകാൻ ആർ.എസ്.എസ്സിനോട് കോടതി നിർദേശിച്ചു. ഇതിൽ നവംബർ 15നകം സർക്കാർ തീരുമാനമെടുക്കണം.
തമിഴ്നാട്ടിലെ 35 കേന്ദ്രങ്ങളിൽ ആർ.എസ്.എസിന് റൂട്ട് മാർച്ച് നടത്താൻ മദ്രാസ് ഹൈകോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഒക്ടോബർ 22, 29 തിയതികളിലായി റൂട്ട് മാർച്ച് നടത്താനായിരുന്നു നേരത്തെ ആർ.എസ്.എസ് അനുമതി ചോദിച്ചത്. എന്നാൽ, സർക്കാർ ഇത് അനുവദിച്ചിരുന്നില്ല. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. തുടർന്നാണ് വിഷയം കോടതിയിലെത്തിയത്.
കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ ആർ.എസ്.എസ് റൂട്ട് മാർച്ച് നിശ്ചയിച്ചതിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികവും ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്‍നിര്‍ത്തി 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. പിന്നീട് കോടതിയിൽ നിന്നാണ് റൂട്ട് മാർച്ചിന് അനുമതി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.