സന്ദേശ്ഖലി സംഘർഷം; സി.ബി.ഐ അന്വേഷണത്തിനെതിരായ ബംഗാൾ സർക്കാരിന്‍റെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ജനുവരി 5 ന് സന്ദേശ്ഖലിയിൽ ഇ.ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറിയ കൊൽക്കത്ത ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ നൽകിയ ഹരജി സുപ്രീം കോടതി തള്ളി.

മാർച്ച് 5-ന് ഹൈകോടതിയുടെ ഉത്തരവിൽ സംസ്ഥാന സർക്കാരിനും പൊലീസിനുമെതിരെ നടത്തിയ ചില പരാമർശങ്ങളും നിരീക്ഷണങ്ങളും നീക്കം ചെയ്യാൻ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.

ആക്രമണത്തിന്‍റെ സൂത്രധാരൻ, സസ്‌പെൻഷനിലായ തൃണമൂൽ നേതാവ് ഷാജഹാൻ ശൈഖിനെ എന്തുകൊണ്ട് പെട്ടെന്ന് അറസ്റ്റ് ചെയ്തില്ല, കേസിന്‍റെ അന്വേഷണത്തിൽ കാലതാമസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് എന്നിങ്ങനെ വാദം കേൾക്കുന്നതിനിടെ പശ്ചിമ ബംഗാൾ പൊലീസിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്തയോട് ബെഞ്ച് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.

കൊൽക്കത്ത ഹൈകോടതി മാർച്ച് അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ആക്രമണത്തിന്‍റെ സൂത്രധാരൻ ശൈക്ക് ഷാജഹാനെ അതേ ദിവസം തന്നെ സി.ഐ.ഡിയുടെ കസ്റ്റഡിയിൽ നിന്ന് സി.ബി.ഐക്ക് കൈമാറാൻ പശ്ചിമ ബംഗാൾ പൊലീസിനോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സി.ഐ.ഡി ആസ്ഥാനമായ ഭവാനി ഭവന് മുന്നിൽ രണ്ട് മണിക്കൂർ കാത്തുനിന്നെങ്കിലും സി.ബി.ഐക്ക് ശൈഖിനെ കൈമാറിയിരുന്നില്ല.

ഹൈകോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സുപ്രീംകോടതിയിൽ പ്രത്യേക വിടുതൽ ഹരജി (എസ്.എൽ.പി) നൽകിയിരുന്നു. അതിനാൽ ശൈഖ് തങ്ങളുടെ കസ്റ്റഡിയിൽ തുടരുമെന്നായിരുന്നു സി.ഐ.ഡിയുടെ മറുപടി. തുടർന്നാണ് സി.ബി.ഐ ബുധനാഴ്ച വീണ്ടും ഹൈകോടതിയിലെത്തിയത്. കഴിഞ്ഞ ദിവസത്തെ ഉത്തരവ് ഉടൻ നടപ്പാക്കാൻ കോടതി നിർദേശം നൽകുകയായിരുന്നു.

Tags:    
News Summary - SC dismisses Bengal’s plea against HC order transferring Sandeshkhali ED team attack case to CBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.