സി.എ.എ വിരുദ്ധ സമരം: അസം എം.എൽ.എക്ക് അറസ്റ്റിൽനിന്ന് സംരക്ഷണം

ന്യൂഡൽഹി: പൗരത്വ ഭേദഗതി (സി.എ.എ) നിയമത്തിനെതിരായ സമരത്തിൽ പ്രതിയാക്കപ്പെട്ട അസം സ്വതന്ത്ര എം.എൽ.എയും വിവരാവകാശ പ്രവർത്തകനുമായ അഖിൽ ഗൊഗോയിയെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള എൻ.ഐ.എ ശ്രമം സുപ്രീംകോടതി താൽക്കാലികമായി തടഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് ഹാജരാകാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണിക്കുന്ന ഫെബ്രുവരി 27 വരെ അറസ്റ്റിൽനിന്ന് സംരക്ഷണം നൽകിയത്. എൻ.ഐ.എ പ്രത്യേക കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് മോചിപ്പിച്ച കേസിൽ വീണ്ടും വിചാരണക്ക് അസം ഹൈകോടതി അനുമതി നൽകിയതിനെതിരായ എം.എൽ.എയുടെ അപ്പീലിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ്.

2019ലെ സി.എ.എ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അഖിൽ ഗൊഗോയിക്കെതിരെ രണ്ട് കേസുകളാണെടുത്തത്. ഒരു കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെ 567 ദിവസം തടവിലായിരുന്നു. ഗൊഗോയിയും മൂന്ന് അനുയായികളും കുറ്റക്കാരല്ലെന്ന് കണ്ട് സി.ബി.ഐ വെറുതെവിട്ടു. രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) അടക്കം കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

ഉപരോധത്തെ കുറിച്ച് സംസാരിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ഭീഷണിപ്പെടുത്തലോ ഭീകരപ്രവർത്തനമോ അല്ലെന്ന് കാണിച്ചായിരുന്നു ഉത്തരവ്. ഇതോടെയാണ് 2021 ജൂലൈയിൽ അഖിൽ ഗൊഗോയി മോചിതനായത്. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള എൻ.ഐ.എയുടെ ഹരജി അസം ഹൈകോടതി അംഗീകരിക്കുകയും അഖിൽ ഗൊഗോയി അടക്കം ഫെബ്രുവരി 23ന് എൻ.ഐ.എ കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

Tags:    
News Summary - SC Extends Protection To Independent Assam MLA Akhil Gogoi From Arrest In NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.