ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ സി.ബി.െഎയുടെ അറസ്റ്റിനും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറ (ഇ.ഡി) അറസ്റ്റ് ഭീഷണിക്കുമെതിരെ കോൺഗ്രസ് നേതാവ് പി. ചിദംബ രം സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈകോടതി വിധി ക്കെതിരെ ചിദംബരം നൽകിയ ഹരജികളാണ് കോടതി കേൾക്കുന്നത്. പ്രത്യേക അഴിമതി വിരുദ്ധ കോടതി ചിദംബരത്തെ ചോദ്യം ചെയ്യലിനായി കഴിഞ്ഞ വെള്ളിയാഴ്ച സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ഡൽഹിയിലെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും.
ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിൽനിന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ (ഇ.ഡി) തിങ്കളാഴ്ചവരെ സുപ്രീംകോടതി വിലക്കിയിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അവസാന നിമിഷം വരെയുള്ള ശക്തമായ എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ചിെൻറ വിധി. സി.ബി.ഐ കസ്റ്റഡിയിൽ വിട്ടതിനും ജാമ്യമില്ലാ വാറൻറ് പുറപ്പെടുവിച്ചതിനുമെതിരെ വെള്ളിയാഴ്ച മറ്റൊരു ഹരജിയും ചിദംബരം സമർപ്പിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയിയും സീനിയോറിറ്റിയിൽ തൊട്ടുതാഴെയുള്ള ജസ്റ്റിസ് എൻ.വി രമണയും കേൾക്കാൻ കൂട്ടാക്കാതിരുന്ന ഹരജികളാണ് ചിദംബരം അറസ്റ്റിലായ ശേഷം ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചിലെത്തിയത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻകൂടിയായ ചിദംബരത്തിെൻറ അറസ്റ്റിനു മുമ്പ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് എൻ.വി. രമണയും അദ്ദേഹത്തെ കേൾക്കാതിരുന്നതിനെതിരെ സുപ്രീംകോടതിയിലെ 150ാളം അഭിഭാഷകർ പരസ്യപ്രസ്താവനയുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച ഹരജികൾ കേട്ടത്.
കഴിഞ്ഞ വർഷം ജൂലൈ 25ന് ഹൈകോടതി ചിദംബരത്തിന് അറസ്റ്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകിയതാണെന്നും ആ സംരക്ഷണം ഇൗ കേസ് അടുത്തതായി പരിഗണിക്കുന്നതുവരെ തുടരുമെന്നും ജസ്റ്റിസ് ഭാനുമതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
അതീവ നാടകീയമായ സംഭവ മുഹൂർത്തങ്ങൾക്കൊടുവിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി തള്ളുകയും തുടർന്ന് ഈ വിധിക്കെതിരെയുള്ള ഹരജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി പരിഗണിക്കാതിരിക്കുകയും ചെയ്തതോടെയാണ് ചിദംബരത്തിൻെറ അറസ്റ്റ് സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.