ലഖ്നേ: അടുത്ത വർഷം നടക്കാൻ പോകുന്ന ഉത്തർ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ തന്നെ ഒരുങ്ങുകയാണ്. വിവിധ പാർട്ടികൾ തമ്മിൽ സഖ്യ ചർച്ചകളും പുരോഗമിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബഹുജൻ സമാജ് പാർട്ടി ജനറൽ സെക്രട്ടറി സതീശ് ചന്ദ്ര മിശ്ര വ്യക്തമാക്കി.
'ഞങ്ങളുടെ പാർട്ടി 2022 നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കില്ല. ഇത് പല വേദികളിൽ വ്യക്തമാക്കിയതാണ്. ഒറ്റക്ക് മത്സരിച്ച് കൊണ്ട് തന്നെ സംസ്ഥാനത്ത് ഞങ്ങൾ സർക്കാർ ഉണ്ടാക്കും'-എസ്.സി. മിശ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നേരത്തെ അസദുദ്ദീൻ ഉവൈസിയുടെ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ നേരത്തെ തന്നെ ബി.എസ്.പി നിഷേധിച്ചിരുന്നു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയാണ് വ്യക്തമാക്കിയത്.
2017ൽ 403 സീറ്റുകളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 19 സീറ്റ് മാത്രമാണ് പാർട്ടിക്ക് നേടാനായത്. അതേസമയം പഞ്ചാബിൽ മുൻ ബി.ജെ.പി സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി ബി.എസ്.പി സഖ്യമുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.