അഹ്മദാബാദ്: ബലാത്സംഗക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട പ്രതികളെ ശിക്ഷ പൂർത്തിയാകുന്നതിന് മുമ്പ് ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനെതിരെ ബിൽകീസ് ബാനു നൽകിയ ഹരജി സുപ്രീംകോടതി ഈ മാസം 13ന് പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റോസ്തഗി, ബോല ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ബിൽകീസ് ബാനു ബലാത്സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിച്ചതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജികളും ഇതേ ബെഞ്ചിന്റെ പരിഗണനയിലാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റിൽ പ്രതികളെ വിട്ടയച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നവംബർ 30നാണ് നടപടി ചോദ്യം ചെയ്ത് ബിൽക്കീസ് ബാനു സുപ്രീംകോടതിയിൽ ഹരജി നൽകിയത്. 2002ലെ ഗുജറാത്ത് കലാപത്തിലാണ് ബിൽകീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അവരുടെ മകളടക്കം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തത്. കേസിൽ 2008ലാണ് 11 പ്രതികളെ ശിക്ഷിച്ചത്.
പ്രതികളുടെ സ്വഭാവം പരിഗണിച്ചാണ് മോചിപ്പിച്ചതെന്നാണ് ഗുജറാത്ത് സർക്കാരിന്റെ വാദം. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പാണ് പ്രതികളെ മോചിപ്പിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് നേതാക്കളും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.