ന്യൂഡൽഹി: പട്ടികജാതി-പിന്നാക്ക വിഭാഗം വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകൾക്ക് വകയിരുത്തിയ തുക സംസ്ഥാനങ്ങൾക്ക് കൈമാറുന്നതിൽ കേന്ദ്ര സർക്കാറിന് കുറ്റകരമായ അനാസ്ഥ. വിഷയം സംബന്ധിച്ച പാർലമെൻററി കമ്മിറ്റിക്ക് മുമ്പാകെ സാമൂഹിക നീതി മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പട്ടിക വിഭാഗക്കാർക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അനുവദിച്ച തുകയിൽ ഇൗ സാമ്പത്തിക വർഷം അവസാനിക്കുേമ്പാൾ കേന്ദ്രം 8600 കോടി രൂപയുടെ കുടിശ്ശിക വരുത്തി. അടുത്ത മൂന്നുവർഷം അനുവദിക്കേണ്ട സ്കോളർഷിപ്പിന് തുല്യമാണ് ഇൗ കുടിശ്ശിക.
ഇത്രയും കുടിശ്ശികയുള്ളപ്പോൾതന്നെ നീക്കിവെക്കുന്ന തുക ഒാരോ വർഷവും വെട്ടിച്ചുരുക്കുകയാണ്. 2017-18ൽ 3347.9 കോടിയാണ് അനുവദിച്ചതെങ്കിൽ 2018-19ൽ ഇത് 3000 കോടിയായി കുറച്ചു. അതേസമയം ഗുണഭോക്താക്കളായ വിദ്യാർഥികളുടെ എണ്ണം വർഷവും വർധിച്ചുവരികയാണ്. സ്കോളർഷിപ് മുടങ്ങിയതോടെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
പാർശ്വവത്കരിക്കപ്പെട്ട മറ്റ് വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾക്കും വകയിരുത്തുന്ന തുക കൈമാറുന്നതിൽ കേന്ദ്രം വിമുഖത കാട്ടുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പട്ടികജാതി വിദ്യാർഥിനികൾക്കായി ഹോസ്റ്റൽ നിർമിക്കുന്ന ബാബു ജഗ്ജീവൻ റാം ഛത്രവാസ് യോജന പദ്ധതിക്ക് 150 കോടി രൂപ നൽകേണ്ടിടത്ത് ജനുവരി 31വരെ ലഭ്യമാക്കിയത് 39.9 കോടി മാത്രം. പട്ടികജാതിക്കാർക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പിന് 50 കോടി നീക്കിവെച്ചെങ്കിലും നൽകിയത് 35.97 കോടി. ഒ.ബി.സി വിഭാഗങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പിന് 142 കോടി വകയിരുത്തിയപ്പോൾ കിട്ടിയത് 92.86 കോടിയും. ഒ.ബി.സിക്കാർക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് 885 കോടി അനുവദിച്ചെങ്കിലും നൽകിയത് 640.93 കോടി മാത്രം.
സംസ്ഥാനങ്ങൾ വിനിയോഗിച്ച തുകയുടെ വിശദാംശം അറിയിക്കാത്തതുകൊണ്ടാണ് കുടിശ്ശിക വരുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു.
എന്നാൽ, ഇതിൽ തൃപ്തരാകാത്ത സമിതി, പ്രശ്നം പരിഹരിക്കുന്നതിൽ കഴിഞ്ഞ നാലു വർഷമായി സാമൂഹിക നീതി വകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ലെന്ന് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.