ന്യൂഡൽഹി: ദ്വാരകയിൽ ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ബന്ധുക്കൾക്കായി അന്വേഷണം. ബന്ധുക്കളുടെ നേതൃത്വത്തിൽ നടത്തിയ വെടിവെപ്പിൽ 23കാരനായ വിനയ് ദഹിയ കൊല്ലപ്പെടുകയും പരിക്കേറ്റ 19കാരിയായ കിരണിന് മാരകമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാത്രി ദ്വാരകയിലെ അംബർഹായ് ഗ്രാമത്തിൽ കിരണിെൻറ ബന്ധുക്കളായ മൂന്നുപേർ ഉൾപ്പെടെ അഞ്ചുപേരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. രണ്ടു തോക്കുകൾ ഉപയോഗിച്ച് വിനയ്ക്കും കിരണിനും നേരെ 11ഒാളം വെടികളുതിർത്തതായി പൊലീസ് പറഞ്ഞു.
ഹരിയാന സോനിപത്തിലെ ഗോപാൽപുർ ഗ്രാമവാസികളാണ് ദമ്പതികൾ. ആഗസ്റ്റിൽ ഇരുവരും ഒളിച്ചോടുകയും കോടതിയിൽ അഭയം തേടി വിവാഹം കഴിക്കുകയുമായിരുന്നു. ഒരേ ഗ്രാമത്തിലെ ഒരേ ഗോത്ര വിഭാഗത്തിൽ ഉൾപ്പെട്ടവരായിരുന്നിട്ടും ഇരുവരുടെയും കുടുംബം വിവാഹത്തിന് എതിർപ്പ് അറിയിക്കുകയായിരുന്നു. ഒരേ ഗോത്രത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം ഗ്രാമത്തിൽ നിരോധിച്ചുവെന്നും അവ വ്യഭിചാരമായി കണക്കാക്കുമെന്നുമായിരുന്നു വിനയ്യുടെ കുടുംബത്തിെൻറ പ്രതികരണം.
വിനയ്യും കിരണും വിവാഹിതരായതോടെ ഗ്രാമത്തിൽ പഞ്ചായത്ത് വിളിച്ചുചേർക്കുകയും ഇരുവർക്കും ഗ്രാമത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ കുടുംബങ്ങൾക്ക് ഇരുവരെയും കാണാനോ ബന്ധപ്പെടാനോ ശ്രമിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തു.
വിവാഹത്തിനുശേഷം വിനയ്യും കിരണും പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സംരക്ഷണം ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. തുടർന്ന് സോനിപത്ത് പൊലീസിനോട് ദമ്പതികൾക്ക് സംരക്ഷണം നൽകാൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ, സംരക്ഷണം ആവശ്യപ്പെട്ട് തങ്ങളെ ആരും സമീപിച്ചില്ലെന്നായിരുന്നു സോനിപത്തിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥെൻറ പ്രതികരണം. സംഭവത്തിൽ സോനിപത്ത് എസ്.പി ജഷൻദീപ് രാൻധവ പ്രതികരിക്കാൻ തയാറാകുകയും ചെയ്തില്ല.
തുടർന്ന്, ദമ്പതികൾ ഡൽഹിയിലെത്തുകയും അംബർഹായ് ഗ്രാമത്തിൽ വാടകവീട്ടിൽ കഴിയുകയുമായിരുന്നു. ടാക്സി സ്വന്തമാക്കിയ വിനയ് സ്വകാര്യ എയർലൈൻ കമ്പനിയിൽ ജോലി ചെയ്തിരുന്നു. കിരൻ ഗർഭിണിയായിരുന്നെങ്കിലും രണ്ടുമൂന്ന് ദിവസം മുമ്പ് അലസിപ്പോയതായി വിനയ്യുടെ പിതാവ് ഒാം പ്രകാശ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഇരുവരും താമസിക്കുന്ന അപാർട്ട്മെൻറിൽ നാലോളം പേർ എത്തുകയായിരുന്നു. വാതിൽ തുറന്നയുടനെ കിരണിന് നേരെ അവർ വെടിയുതിർത്തു. നാലു വെടിയുതിർത്തതിൽ മൂന്നെണ്ണം കിരണിനേറ്റു. ഒരെണ്ണം ഭർത്താവിനും -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ കിരണിെൻറ മൊഴിയെ ഉദ്ധരിച്ച് പറഞ്ഞു.
പരിക്കേറ്റ കിരൺ നിലവിളിച്ച് വീടിന് മുകളിലേക്ക് ഒാടി. വിനയ് വീടിന് പുറത്തേക്കും. തുടർന്ന് വിനയ്യെ അക്രമികൾ പിന്തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. കിരൺ വീടിന് മുകളിൽനിന്ന് സഹായത്തിനായി അലറി വിളിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ദമ്പതികളുടെ വീട്ടുടമസ്ഥയായ ജ്യോതി പറഞ്ഞു.
രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പ്രദേശവാസികൾ കിരണിനെ കണ്ടെത്തിയത്. വിനയ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. തുടർന്ന് കിരണിനെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
സംഘത്തിലെ രണ്ടുപേരാണ് വെടിയുതിർത്തത്. ഇതിെൻറ ദൃശ്യങ്ങൾ പ്രദേശത്തെ അഞ്ചോളം സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞു. വിനയ്യുടെ വയറിനും നെഞ്ചിനുമാണ് വെടിയേറ്റത്. കിരണിെൻറ വയറിലും കഴുത്തിെൻറ ഭാഗത്തും വെടിയേറ്റിട്ടുണ്ട്.
'കിരണിെൻറ മൊഴി രേഖപ്പെടുത്തി. സഹോദരൻ അമൻ, ബന്ധുവായ വിക്കി, അമ്മാവൻ ശക്തി എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് കിരൺ പറഞ്ഞു' -ഡി.സി.പി അറിയിച്ചു.
സംഭവത്തിൽ ദുരഭിമാനക്കൊലക്ക് കേസെടുത്തതായി പൊലീസ് പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും കിരണിെൻറ പിതാവിനെയും മറ്റൊരു അമ്മാവനെയും ചോദ്യം ചെയ്യുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.