മാധബി പുരി ബുച്ച്
ന്യൂഡൽഹി: പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാതെ സെബി മേധാവി മാധബി പുരി ബുച്ച്. ഇത് രണ്ടാം തവണയാണ് പി.എ.സിയുടെ സമൻസ് സെബി മേധാവി അവഗണിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലാണ് സമിതിയുടെ തലവൻ.
സെബിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് പി.എ.സി മാധബി ബുച്ചിനെ വിളിച്ചു വരുത്തിയത്. മാധബിക്കെതിരായ അഴിമതി ആരോപണങ്ങളെ തുടർന്ന് സെബി സംശയനിഴലിലായിരുന്നു. ഇതിന് പിന്നാലെയാണ് മാധബി ബുച്ചിനെ വിളിച്ചു വരുത്താൻ തീരുമാനിച്ചത്.
ഇത് കമ്മിറ്റിയുടെ ആദ്യ യോഗമാണ്. നമ്മുടെ നിയന്ത്രണ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ പബ്ലിക്സ് അക്കൗണ്ട് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് സെബിയുടെ പ്രവർത്തനം വിലയിരുത്താനാണ് തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. ആദ്യം ഹാജരാവാൻ ആവില്ലെന്ന് അറിയിച്ചുവെങ്കിലും പിന്നീട് സെബി ഉദ്യോഗസ്ഥർ പി.എ.സിക്ക് മുമ്പിൽ എത്താമെന്ന് വ്യക്തമാക്കിയെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
എന്നാൽ, ഇന്ന് രാവിലെ ഒമ്പതരയോടെ ചില കാരണങ്ങൾ കൊണ്ട് യോഗത്തിൽ എത്താൻ കഴിയുന്ന രീതിയിലല്ല സെബി മേധാവിയും മറ്റ് ഉദ്യോഗസ്ഥരുമെന്ന് അവർ അറിയിക്കുകയായിരുന്നു. ഇത് പരിഗണിച്ച് അവർക്ക് ഹാജരാവാൻ മറ്റൊരു തീയതി നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.