മാധബി പുരി ബുച്ച്
ന്യൂഡൽഹി: ഗുരുതരമായ ആരോപണങ്ങളുയരുന്ന സാഹചര്യത്തിൽ സെബി ചെയർപേഴ്സൻ മാധബി ബുച്ചിനെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) വിളിച്ചുവരുത്തിയേക്കും. സെബിയുടെ പ്രകടനം വിലയിരുത്തുന്നത് സെപ്റ്റംബർ 10ന് ചേരുന്ന കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പി.എ.സിക്ക് സാങ്കേതികമായി ഇതിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.
കോൺഗ്രസ് എം.പി കെ.സി. വേണുഗോപാലാണ് കമ്മിറ്റിയുടെ തലവൻ. എൻ.ഡി.എ, ഇൻഡ്യ സഖ്യ നേതാക്കളും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ഭാഗമാണ്. യോഗം സംബന്ധിച്ച് അധ്യക്ഷന് തീരുമാനമെടുക്കാമെങ്കിലും എല്ലാ അംഗങ്ങൾക്കും വീറ്റോ അധികാരം നൽകുന്നതാണ് സമിതിയുടെ ഘടന. സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ പ്രകടനം വിലയിരുത്തുന്നതിന് വകുപ്പുകളെയോ സ്ഥാപനങ്ങളെയോ വിളിച്ചുവരുത്താനാവൂ എന്ന് സമിതിയിലെ ബി.ജെ.പി അംഗമായ നിഷികാന്ത് ദുബേ പറഞ്ഞു.
നേരത്തെ സെബി ചെയർപേഴ്സൻ മാധബി ബുച്ചിനെതിരെ ആരോപണവുമായി ഹിൻഡൻബർഗ് റിസർച് രംഗത്തെത്തിയിരുന്നു. മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായാണ് ഹിൻഡൻബർഗ് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.
ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപമിറക്കിയത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.