ന്യൂഡൽഹി: ദേശീയ ഓഹരി വിപണിയുടെ (എൻ.എസ്.ഇ) പ്രവർത്തനം സംബന്ധിച്ച പരിശോധന റിപ്പോർട്ടുകൾ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). 2013 മുതലുള്ള പരിശോധന റിപ്പോർട്ടുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ സുഭാഷ് അഗർവാൾ നൽകിയ അപേക്ഷയാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബി നിരസിച്ചത്.
വിപണിയുടെ ആഭ്യന്തരമായ കാര്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അത് പുറത്തുവിടുന്നത് വിപണിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും സെബി അറിയിച്ചു. ബാങ്കുകളെപ്പറ്റി റിസർവ് ബാങ്ക് തയാറാക്കിയ പരിശോധന റിപ്പോർട്ടുകൾ സുപ്രീംകോടതി പരിഗണിച്ചിട്ടുണ്ടെന്ന് സുഭാഷ് അഗർവാൾ ചൂണ്ടിക്കാട്ടി.
ബാങ്കുകളുടെ പരമോന്നത നിയന്ത്രണ സ്ഥാപനമാണ് ആർ.ബി.ഐ എന്നിരിക്കെ ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെബിയുടെ റിപ്പോർട്ടുകളും പരസ്യമാക്കണമെന്ന് അഗർവാൾ ആവശ്യപ്പെട്ടു. ഓഹരി വിപണിയുടെ വിവരങ്ങൾ മുൻകൂട്ടി ചോർത്തി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എൻ.എസ്.ഇ മുൻ എം.ഡിയും സി.ഇ.ഒയുമായ ചിത്ര രാമകൃഷ്ണക്കെതിരെ സെബി ശിക്ഷാ നടപടി സ്വീകരിച്ചിരുന്നു.
തുടർന്ന് നടന്ന സി.ബി.ഐ അന്വേഷണത്തിൽ ചിത്രയെയും അവർ അവിഹിതമായി നിയമിച്ച ഗ്രൂപ് ഓപറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രമണ്യനെയും അറസ്റ്റ് ചെയ്തു.
ഹിമാലയത്തിലെ അജ്ഞാത യോഗിയുടെ ഉപദേശപ്രകാരമാണ് ഓഹരി വിപണിയെ നിയന്ത്രിച്ചിരുന്നതെന്ന വിചിത്ര മറുപടിയാണ് ചിത്ര രാമകൃഷ്ണ നൽകിയത്. ഈ 'അജ്ഞാത യോഗി' ആനന്ദ് സുബ്രമണ്യൻ ആണെന്നാണ് സി.ബി.ഐ കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.