വി.വി.ഐ.പികളുടെ യാത്രക്കുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തി

ന്യൂഡൽഹി: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി അടക്കമുള്ള വി.വി.ഐ.പികളുടെ യാത്രകൾക്കായി കേന്ദ്ര സർക്കാർ വാങ്ങിയ രണ്ടാമത്തെ ബോയിങ് 777-330 ഇ.ആർ  വിമാനമാണ് അമേരിക്കയിലെ ടെക്സാസിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ആദ്യ വിമാനം ഒക്ടോബർ ഒന്നിന് ഇന്ത്യയിലെത്തിയിരുന്നു.

യു.എസ് പ്രസിഡന്‍റ് സഞ്ചരിക്കുന്ന എയർഫോഴ്സ് വൺ വിമാനത്തിന് തുല്യ സംവിധാനങ്ങളാണ് ബോയിങ് 777 വിമാനത്തിൽ സജ്ജീകരിക്കുന്നത്. മിസൈൽ പ്രതിരോധ സംവിധാനവും ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർ മെഷർ (എൽ.ആർ.സി.എം), സെൽഫ് സെക്യൂരിറ്റി സ്യൂട്ട് (എസ്.പി.എസ്) എന്നിവ വിമാനത്തിൽ ഉണ്ടാകും. അത്യാധുനിക വാർത്താ വിനിമയത്തിനും ശബ്ദവും ദൃശ്യങ്ങളും തടസം നേരിടാതെ പ്രവർത്തിപ്പിക്കാനും സാധിക്കും. വിശ്രമമുറി, പത്ര സമ്മേളന മുറി, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

നിലവിൽ പ്രധാനമന്ത്രി അടക്കമുള്ളവർ എയർ ഇന്ത്യയുടെ ബോയിങ് 747 വിമാനമാണ് വിദേശ യാത്രകൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ, ബോയിങ് 777 ദീർഘദൂര സഞ്ചാരത്തിന് പര്യാപ്തമാണ്. വിമാനം പറത്താൻ വ്യോമസേനയിലെ വിദഗ്ധ പരിശീലനം ലഭിച്ച പൈലറ്റുമാരെയാണ് നിയോഗിക്കുക. ഇതിനായി ആറു പൈലറ്റുമാർക്ക് പരിശീലനം നൽകി കഴിഞ്ഞു.

വിമാനത്തിന്‍റെ പരിപാലനം എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസ് വിഭാഗം നിർവഹിക്കും. 2021 ജൂലൈ മുതിൽ ബോയിങ് 777 യാത്രകൾക്കായി ഉപയോഗിച്ച് തുടങ്ങും. വിമാനങ്ങൾ വാങ്ങുന്നതിന് കഴിഞ്ഞ വർഷത്തെ ബജറ്റിൽ 4489 കോടി രൂപ കേന്ദ്ര സർക്കാർ വകയിരുത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.