ഭോപ്പാൽ: ദർഗക്ക് സമീപം ഹനുമാൻ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ നീമുച്ചിൽ സംഘർഷം. അക്രമങ്ങളെ തുടർന്ന് നീമുച്ച് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിയിൽ ജില്ല ഭരണകൂടം 144 പ്രകാരം പ്രഖ്യാപിച്ചു. ദർഗക്ക് പുറത്ത് തിങ്കളാഴ്ച ഹനുമാൻ വിഗ്രഹം സ്ഥാപിക്കാൻ ഒരു വിഭാഗം ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. കല്ലേറിലും തീവെപ്പിലും നാലോളം വാഹനങ്ങൾക്ക് കേടുപാടുണ്ടായെങ്കിലും ആളപായം റിപോർട് ചെയ്തിട്ടില്ല. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചതായി എസ്.പി പറഞ്ഞു. സംഭവത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സമാനതരത്തിൽ നിരവധി വർഗീയ കലാപങ്ങളാണ് രാജ്യത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും റിപോർട് ചെയ്യുന്നത്. ഏപ്രിൽ 10ന് രാമനവമി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ സംഘർഷമുണ്ടായിരുന്നു. 72 കേസുകളിലായി 182 പേരെയാണ് സംഭവത്തിൽ ഇത് വരെ അറസ്റ്റ് ചെയ്തത്. പ്രതിരോധ നടപടികളുടെ ഭാഗമായി ഖർഗോൺ ജില്ലയിൽ കഴിഞ്ഞയാഴ്ച വീണ്ടും 144 പ്രഖ്യാപിച്ചിരുന്നു.
സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് ജില്ല കലക്ടർ, പൊലീസ് സൂപ്രണ്ട്, അഡീഷണൽ പൊലീസ് സൂപ്രണ്ട് എന്നിവരെ സംസ്ഥാന സർക്കാർ സ്ഥലം മാറ്റിയത്. വർഗീയ സംഘർഷത്തിനിടെ പരിക്കേറ്റ് മെഡിക്കൽ അവധിയിലായിരുന്ന എസ്.പി സിദ്ധാർത്ഥ് ചൗധരിയെയും ഖർഗോൺ എ.എസ്.പി നീരജ് ചൗരസ്യയേയും ഭോപ്പാലിലെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.