ലഖ്നോ: വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടന്നതിനെ തുടർന്ന് വാരാണസി ഐ.ഐ.ടിയിൽ സുരക്ഷ ശക്തമാക്കി. കാമ്പസ് വൈകീട്ട് മുതൽ അടച്ചിടുന്നത് സംബന്ധിച്ച് കേന്ദ്രവിദ്യാഭ്യാസ വകുപ്പിന് നിർദേശം സമർപ്പിച്ചതായി കോളജ് അധികൃതർ അറിയിച്ചു. കാമ്പസിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതായും രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെ വിദ്യാർഥികൾ കാമ്പസുകളിലെത്തുന്നത് വിലക്കുമെന്നും രജിസ്ട്രാർ പറഞ്ഞു.
ബുധനാഴ്ച രാത്രി സുഹൃത്തിനൊപ്പം കാമ്പസിലെത്തിയ വിദ്യാർഥിനിക്കു നേരെ ലൈംഗികാതിക്രമം നടന്ന പശ്ചാത്തലത്തിലാണിത്. സംഭവത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് രാത്രികാലങ്ങളിൽ പുറത്തുനിന്നുള്ളവർ കാമ്പസിലേക്ക് പ്രവേശിക്കുന്നത് തടയണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു.
സുഹൃത്തിനൊപ്പം കാമ്പസിലൂടെ നടക്കുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ മൂന്നംഗസംഘം തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ മറ്റൊരിടത്തേക്ക് വലിച്ചുകൊണ്ട് പോയി അക്രമികൾ വസ്ത്രങ്ങൾ വലിച്ചു കീറി ബലമായി ചുംബിക്കാൻ ശ്രമിച്ചു. ഇതിന്റെ വിഡിയോയും എടുത്തു. 15മിനിറ്റോളം പെൺകുട്ടിയെ അക്രമി സംഘം ഉപദ്രവിച്ചതായാണ് പരാതിയിലുള്ളത്. മൊബൈൽ ഫോണും പിടിച്ചെടുത്തു.പെൺകുട്ടിയുടെ പരാതിയിൽ വാരാണസി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അക്രമികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.