ന്യൂഡൽഹി: അടിച്ചമർത്തൽ നയം തുടരുന്നിടത്തോളംകാലം കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അംഗീകരിക്കില്ലെന്ന് വിഘടനവാദികൾ. സമാധാനം, സംവാദം എന്നിങ്ങനെയുള്ള സർക്കാർ വാഗ്ദാനങ്ങൾ കൗശലം മാത്രമാണെന്നും അതിനുമുന്നിൽ കശ്മീർ ജനതയും നേതൃത്വവും വഴിപ്പെടില്ലെന്നും അവർ വ്യക്തമാക്കി.
കശ്മീരിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ വിഘടനവാദി ഗ്രൂപ്പുകളുമായി ചർച്ച നടത്തുന്നതിന് െഎ.ബി മേധാവി ദിനേശ്വർ ശർമയെ കഴിഞ്ഞ ആഗസ്റ്റ് 28ന് കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. കേന്ദ്ര നീക്കത്തെ കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ സ്വാഗതം ചെയ്തെങ്കിലും വിഘടനവാദ സംഘടനകൾ പ്രതികരിച്ചിരുന്നില്ല.
മുതിർന്ന വിഘടനവാദി നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മീർവാഇസ് ഉമർ ഫാറൂഖ്, യാസീൻ മാലിക് എന്നിവരടങ്ങിയ സംയുക്ത പ്രതിരോധ നേതൃത്വമാണ് കേന്ദ്ര നിർദേശം തള്ളിയത്. കശ്മീർ പ്രശ്നത്തിെൻറ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെയുള്ള പരിഹാരശ്രമങ്ങൾ മേഖലയിൽ സമാധാനം കൊണ്ടുവരില്ലെന്ന് അവർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ജനങ്ങൾക്കുമേലുള്ള അനന്തമായ ബലപ്രയോഗവും യുവാക്കൾക്കുനേരെയുള്ള ക്രൂരതയും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും മാധ്യമ വിചാരണയും വിരട്ടൽ തന്ത്രങ്ങളും കശ്മീരികളുടെ നീതിക്കായുള്ള പോരാട്ടവീര്യത്തെ തളർത്തില്ല. സത്യസന്ധവും സൃഷ്ടിപരവുമായ പരിഹാര ശ്രമങ്ങളെ തങ്ങൾ സ്വാഗതം ചെയ്യും. എന്നാൽ, കേന്ദ്ര സർക്കാർ കശ്മീരിലെ യാഥാർഥ്യവും അടിസ്ഥാന പ്രശ്നങ്ങളും മനസ്സിലാക്കാൻ വിമുഖത കാട്ടുകയാണ്. കശ്മീരിന് ഭരണഘടന ഉറപ്പുനൽകുന്ന സ്വയംഭരണാവകാശത്തെ നിഷേധിക്കുന്ന സർക്കാറിന് എങ്ങനെയാണ് താഴ്വരയിലെ ജനങ്ങളുടെ അഭിലാഷം ഉൾക്കൊള്ളാനാവുക. പട്ടാള ഇടപെടൽ പരാജയപ്പെട്ടതും അന്താരാഷ്ട്ര സമ്മർദവും മൂലമാണ് സർക്കാർ ചർച്ചക്ക് തയാറായതെന്നും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.