ന്യൂഡല്‍ഹി: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആളുകളെ തെരഞ്ഞെടുക്കുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ(ഡി.സി.ജി.ഐ) നിര്‍ദേശം. വാക്‌സിൻ പരീക്ഷിച്ച ഒരു വ്യക്തിയിൽ പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം താൽകാലികമായി നിർത്തിവെച്ചിരുന്നു.
ഇതുവരെ വാക്‌സിൻ കുത്തിവെച്ചവരിൽ സുരക്ഷാനിരീക്ഷണം ശക്തമാക്കണം. അത് സംബന്ധിച്ച രൂപരേഖയും റിപ്പോർട്ടും സമർപ്പിക്കണം. ട്രയലിന് വളണ്ടിയർമാരായി എത്തിയവരുടെ വിവരങ്ങളും നൽകണം. സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരീക്ഷണത്തിന് ആളുകളെ തെരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുന്‍പ് യു.കെയിലേയും ഇന്ത്യയിലേയും ഡാറ്റ ആൻറ് സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഡി.സി.ജി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിച്ച 'കോവഷീൽഡ്' എന്ന കോവിഡ് പ്രതിരോധ വാക്‌സിൻെറ ഇന്ത്യയിലെ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്. മഹാരാഷ്ട്രയിലെ പൂനെയിൽ ആഗസ്റ്റ് 27 നാണ് ആളുകളിൽ കുത്തിവെച്ചുള്ള രണ്ടാംഘട്ട പരീക്ഷണം നടത്തിയത്. വളണ്ടിയർമാർക്ക് എത്ര ഡോസ് വീതം നൽകിയെന്നത് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടില്ല. മൂന്നാംഘട്ട പരീക്ഷണത്തിൽ രാജ്യത്തെ 17 സ്ഥലങ്ങളിൽ നിന്നായി 1600 ഓളം വളണ്ടിയർമാരെയാണ് തെരഞ്ഞെടുത്തിരുന്നത്.
യു.കെയില്‍ വാക്സിന്‍ കുത്തിവെച്ച ഒരാള്‍ക്ക് കഴിഞ്ഞ ദിവസം അജ്ഞാതരോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ഓക്സ്ഫഡ്- ആസ്ട്രാസെനെക വാക്‌സിൻെറ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. അജ്ഞാതരോഗം കോവിഡ് പ്രതിരോധ മരുന്നിൻെറ പാര്‍ശ്വഫലമാണെന്ന സംശയമാണുള്ളത്. തുടർന്ന് ഡി.സി.ജി.ഐ നിർദേശ പ്രകാരം സെറം ഇൻസ്റ്റിറ്റ്യൂട്ടും കോവിഡ് പരീക്ഷണം നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.