കേന്ദ്രമന്ത്രിയുടെ ബംഗ്ലാവിൽ അനധികൃത നിർമാണം; പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് ഹൈകോടതി

മുംബൈ: മഹാരാഷ്ട്രയിലെ ജുഹു മേഖലയിൽ കേന്ദ്ര ചെറുകിട-ഇടത്തര വ്യവസായ വകുപ്പ് മന്ത്രി നാരായൺ റാണെ നിർമിച്ച ബംഗ്ലാവിൽ അനധികൃത നിർമാണമുണ്ടെന്നും പൊളിച്ചു നീക്കണമെന്നും നിർദേശിച്ച് ബോംബെ ഹൈകോടതി.

ഫ്ലോർ സ്‌പേസ് ഇൻഡക്‌സ് (എഫ്‌എസ്‌ഐ), തീരദേശ നിയന്ത്രണ മേഖല (സി.ആർ.ഇസെഡ്) എന്നിവയുടെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിർമാണം പൊളിക്കാൻ ബൃഹൻ മുംബൈ മുൻസിപ്പൽ കോർപറേഷനോട് കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ ആർ.ഡി. ധനുക, കമാൽ ഖാത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് തീരുമാനം.

അനധികൃത നിർമാണം സാധൂകരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് റാണെയുടെ കുടുംബം നടത്തുന്ന കമ്പനി നൽകിയ അപേക്ഷ ബി.എം.സി അനുവദിക്കരുതെന്നും ഇത് അനുവദിച്ചാൽ അത് അനധികൃത നിർമാണങ്ങൾ മൊത്തത്തിൽ പ്രോത്സാഹിപ്പിക്കുന്നതിന് വഴിവെക്കുമെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.

രണ്ടാഴ്ചക്കകം അനധികൃത ഭാഗങ്ങൾ പൊളിച്ചുനീക്കാനും ഒരാഴ്ചക്കുശേഷം റിപ്പോർട്ട് സമർപ്പിക്കാനും കോടതി ബി.എം.സിയോട് നിർദേശിച്ചു. റാണെക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയ ബെഞ്ച്, തുക രണ്ടാഴ്ചക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടക്കാനും നിർദേശിച്ചു.

സുപ്രീംകോടതിയിൽ അപ്പീൽ നൽകണമെന്നും അതിനാൽ ഉത്തരവ് നടപ്പാക്കുന്നത് ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്നും റാണെയുടെ അഭിഭാഷകൻ ശാർദുൽ സിങ് ആവശ്യപ്പെട്ടു. എന്നാൽ ബെഞ്ച് ആവശ്യം തള്ളി.

റാണെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൽക്ക റിയൽ എസ്റ്റേറ്റ്സ് കമ്പനി, തദ്ദേശ സ്ഥാപനം നേരത്തെ പാസാക്കിയ ഉത്തരവുകൾ ബാധകമാക്കാതെ തങ്ങളുടെ രണ്ടാമത്തെ അപേക്ഷയിൽ തീരുമാനമെടുക്കാൻ ബിഎംസിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയും ഹൈകോടതി തള്ളി.

നിർമാണത്തിൽ നിയമലംഘനങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഈ വർഷം ജൂണിൽ സാധൂകരണത്തിനുള്ള അപേക്ഷ ബി.എം.സി തള്ളിയിരുന്നു. ഡെവലപ്‌മെന്റ് കൺട്രോൾ ആന്റ് പ്രമോഷൻ റെഗുലേഷൻ 2034 ലെ പുതിയ വ്യവസ്ഥകൾ പ്രകാരം നേരത്തെ നൽകിയ അപേക്ഷയിൽ നിന്ന് വ്യത്യസ്തമായി ചെറിയൊരു ഭാഗം ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കമ്പനി ജൂലൈയിൽ രണ്ടാമതും അപേക്ഷ സമർപ്പിച്ചിരുന്നു.

Tags:    
News Summary - Setback For Minister In Court Fight Over Illegal Construction At His House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.