മുംബൈ: 18ന് താഴെയാണ് ഭാര്യയുടെ പ്രായമെങ്കിൽ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോലും കുറ്റകരമാണെന്ന് ബോംബെ ഹൈകോടതി. ഇത് ബലാത്സംഗക്കുറ്റമാണെന്നും ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് വ്യക്തമാക്കി.
കേസിൽ പ്രതിയായ യുവാവിനെ 10 വർഷം കഠിനതടവിന് ശിക്ഷിച്ച കീഴ്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സമാനമായ കേസിലെ സുപ്രീംകോടതി വിധികൂടി പരിഗണിച്ചായിരുന്നു ഹൈകോടതി വിധി. വിവാഹിതയാണെങ്കിൽ പോലും 18ന് താഴെയുള്ള പെൺകുട്ടിയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാണെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ഗോവിന്ദ സനപ് ചൂണ്ടിക്കാട്ടി. ഭർതൃബലാത്സംഗ കുറ്റത്തിനുള്ള ശിക്ഷാവകുപ്പുകളിലെ ഇളവുകൾ പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ യുവാവും പെൺകുട്ടിയും തമ്മിൽ വർഷങ്ങളായി പരിചയമുണ്ടായിരുന്നു. പ്രതിയുടെ വിവാഹാഭ്യർഥന കുട്ടി നിരസിച്ചിരുന്നു. പിന്നീട്, സാമ്പത്തിക ബാധ്യതകൾ കാരണം പെൺകുട്ടി മറ്റൊരു ടൗണിലേക്ക് ജോലിക്കായി പോയി. കുട്ടിയെ പിന്തുടർന്ന് പോയ യുവാവ് പല തരത്തിലുള്ള സഹായങ്ങളുമായി ഇവരുടെ വിശ്വാസം പിടിച്ചുപറ്റി. പിന്നീട്, വിവാഹവാഗ്ദാനം നടത്തി ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്തു. കുട്ടി ഗർഭിണിയുമായി. ഇതോടെ, യുവാവ് ഏതാനും പേരെ ക്ഷണിച്ച് ഒരു വിവാഹച്ചടങ്ങ് തട്ടിക്കൂട്ടിയൊരുക്കി.
ഇതിന് ശേഷം യുവാവ് പെൺകുട്ടിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുകൊണ്ടിരുന്നു. കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും പെൺകുട്ടിയിൽ വിശ്വാസമില്ലെന്നും ഇയാൾ പറഞ്ഞു. ഇതോടെ വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി വാർധ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് കേസെടുത്തതും പ്രതി കുറ്റക്കാരനെന്ന് വിധിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.