ബംഗളൂരു: ഭാര്യക്കെതിരെ ബലാത്സംഗ കൃത്യം ഭർത്താവ് നിർവഹിച്ചാലും ബലാത്സംഗം തന്നെയെന്ന കർണാടക ഹൈകോടതി വിധിയെ പിന്തുണച്ച് കർണാടക സർക്കാർ സുപ്രീംകോടതിയിൽ. ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന കേസിൽ ഭർത്താവിനെതിരെ പോക്സോ കേസിന് പുറമെ ബലാത്സംഗക്കുറ്റവും ചുമത്തിയത് സെഷൻസ് കോടതിയും ഹൈകോടതിയും ശരിവെച്ചതിനെതിരെ ഭർത്താവ് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കർണാടക ഹൈകോടതി ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
വിവാഹത്തിനുശേഷം ലൈംഗിക അടിമയെ പോലെയാണ് തന്നെ ഭർത്താവ് കണ്ടിരുന്നതെന്നും മകളുടെ മുന്നിൽവെച്ചുപോലും പ്രകൃതിവിരുദ്ധ ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചിരുന്നതായും ഹരജിക്കാരി പറയുന്നു. തുടർന്ന് ബംഗളൂരു സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
സെഷൻസ് കോടതി ഹരജിക്കാരിക്ക് അനുകൂല വിധി നൽകിയതോടെ എതിർ ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചു. ഏറെ വാദപ്രതിവാദങ്ങൾക്കുശേഷം കഴിഞ്ഞ മേയ് 23ന് കർണാടക ഹൈകോടതിയിലെ ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധി ഏറെ ചർച്ചയായിരുന്നു.
വിവാഹിതയായ സ്ത്രീയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഗൗരവമായ ചർച്ചക്ക് വിധേയമാക്കാവുന്ന പുരോഗമനപരമായ പരാമർശങ്ങളായിരുന്നു ജസ്റ്റിസ് നാഗപ്രസന്ന നടത്തിയത്. ‘പുരുഷൻ എന്നാൽ പുരുഷൻ തന്നെയാണ്. പ്രവൃത്തി എന്നാൽ പ്രവൃത്തി തന്നെയാണ്. ഭർത്താവായ പുരുഷൻ ഭാര്യയായ സ്ത്രീക്ക് മേൽ അത് നടത്തിയാലും ബലാത്സംഗം ബലാത്സംഗം തന്നെയാണ്. വൈവാഹിക ബലാത്സംഗത്തിനുള്ള അനുമതി നൽകുന്ന ഇന്ത്യൻ ശിക്ഷ നിയമം 375ാം വകുപ്പ് ഭേദഗതി ചെയ്യണോ എന്നത് തീരുമാനിക്കേണ്ടത് നിയമസഭയാണ്.
വൈവാഹിക ബലാത്സംഗത്തിനുള്ള അനുമതി പുരോഗതിക്കെതിരാണെന്നും വിധിയിൽ ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.
ഭർത്താവിൽനിന്ന് ഭാര്യക്ക് ഏൽക്കുന്ന ഇത്തരം ലൈംഗിക പീഡനങ്ങൾ ഭാര്യയുടെ മാനസികാവസ്ഥയെ ഗുരുതരമായി ബാധിക്കും. ഭാര്യക്കേൽക്കുന്ന ശാരീരികവും മാനസികവുമായ ആഘാതം അവളുടെ ആത്മാവിനെയാണ് മുറിപ്പെടുത്തുക. നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദങ്ങൾ നിയമനിർമാതാക്കൾ കേൾക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വൈവാഹിക ബലാത്സംഗം കുറ്റകരമാണെന്ന് പരിഗണിക്കണമെന്നോ അല്ലെന്നോ കോടതി പറയുന്നില്ല. സാഹചര്യങ്ങൾ പരിഗണിച്ച് നിയമ നിർമാണസഭക്ക് അക്കാര്യത്തിൽ തീരുമാനമാകാവുന്നതാണ്. ഭർത്താവിന്റെ കീഴിലാണ് ഭാര്യ കഴിയേണ്ടതെന്ന കാഴ്ചപ്പാട് തുല്യതക്കെതിരാണ്. അതുകൊണ്ടാണ് പല രാജ്യങ്ങളിലും വൈവാഹിക ബലാത്സംഗം കുറ്റകരമായി കണക്കാക്കുന്നതെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വിവാഹം ചെയ്തതുകൊണ്ട് സ്ത്രീക്കുമേൽ പുരുഷന് പ്രത്യേക അധികാരങ്ങളില്ല. പുരുഷനെയും സ്ത്രീയെയും തുല്യപരിഗണനയിലാണ് ഭരണഘടന കാണുന്നത്. വിവാഹം എന്നത് തുല്യതയുടെ പങ്കാളിത്തമാണ്.
എന്നാൽ, ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഈ വിവേചനമുണ്ട്. സ്ത്രീക്കെതിരായ ഏതൊരു പുരുഷന്റെ കുറ്റകൃത്യവും ശിക്ഷിക്കപ്പെടാൻ അർഹമാണ്. എന്നാൽ, ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് 375 ന്റെ കാര്യമാവുമ്പോൾ ഒഴിവ് വരുന്നു. ഇത് പുരോഗതിയല്ലെന്നും അധോഗമനമാണെന്നും ജസ്റ്റിസ് നാഗപ്രസന്ന അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.