ഇന്ത്യയിലെ 151 സിറ്റിങ് ജനപ്രതിനിധികൾ സ്ത്രീപീഡകരെന്ന് എ.ഡി.ആർ റിപ്പോർട്ട്; ഒന്നാം സ്ഥാനത്ത് ബി.ജെ.പി

ന്യൂഡൽഹി: ഇന്ത്യയിലെ സിറ്റിങ് എം.പിമാരും എം.എൽ.എമാരുമായ 151 ജനപ്രതിനിധികൾ സ്ത്രീകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങളിൽ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.എആർ) റിപ്പോർട്ട്. പാർലമെന്‍റ്, നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് ജനപ്രതിനിധികളിലെ സ്ത്രീപീഡകരെ എ.ഡി.എആർ കണ്ടെത്തിയത്.

കൊൽക്കത്തയിലെ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും താണെയിൽ രണ്ട് കുട്ടികൾ ക്രൂരബലാത്സംഗത്തിന് ഇരയാകുകയും ചെയ്ത സംഭവങ്ങൾ രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ച സാഹചര്യത്തിലാണ് സ്ത്രീകൾക്ക് നേരെ നടന്ന കുറ്റകൃത്യങ്ങളിൽ പ്രതികളായ സിറ്റിങ് ജനപ്രതിനിധികളുടെ പട്ടിക എ.ഡി.ആർ പുറത്തുവിട്ടത്. 

16 പാർലമെന്‍റ് അംഗങ്ങളും 135 എം.എൽ.എമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണെന്ന് അന്വേഷണത്തിൽ എ.ഡി.ആർ കണ്ടെത്തി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ കണ്ടെത്താനായി 2019 മുതൽ 2024 വരെ നടന്ന വിവിധ തെരഞ്ഞെടുപ്പുകളിൽ സിറ്റിങ് ജനപ്രതിനിധികൾ സമർപ്പിച്ച 4,809 സത്യവാങ്മൂലങ്ങളിൽ 4,693 എണ്ണമാണ് എ.ഡി.എആർ സംഘം വിശദമായി പരിശോധിച്ചത്.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതികളായ ജനപ്രതിനിധികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് പശ്ചിമ ബംഗാൾ ആണ്. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ 25 സിറ്റിങ് ജനപ്രതിനിധികൾ സ്ത്രീകൾക്കെതിരായ കേസുകളിൽ പ്രതികളാണ്. 21 ജനപ്രതിനിധികൾ പ്രതികളായ ആന്ധ്രപ്രദേശും 17 ജനപ്രതിനിധികൾ പ്രതികളായ ഒഡിഷയുമാണ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

16 സിറ്റിങ് ജനപ്രതിനിധികൾക്കെതിരെ ഐ.പി.സി 376 വകുപ്പ് പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുണ്ട്. കുറഞ്ഞത് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. ഇതിൽ രണ്ട് എം.പിമാരും 14 എം.എൽ.എമാരും ഉൾപ്പെടുന്നു. കൂടാതെ, ഇരക്കെതിരെ സമാനകുറ്റകൃത്യം പ്രതികൾ ആവർത്തിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ബി.ജെ.പിയാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളായ ജനപ്രതിനിധികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടി. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെ 54 പേർ കേസുകളിൽ പ്രതികളാണ്. കോൺഗ്രസ്-23, തെലുങ്കുദേശം പാർട്ടി (ടി.ഡി.പി) -17 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിലെ ജനപ്രതിനിധികളുടെ എണ്ണം. ബി.ജെ.പിയിലെയും കോൺഗ്രസിലെയും അഞ്ച് വീതം സിറ്റിങ് എം.പിമാർ ബലാത്സംഗക്കേസും നേരിടുന്നുണ്ട്.

ബലാത്സംഗം, സ്ത്രീകൾക്കെതിരായ മറ്റ് കുറ്റകൃത്യങ്ങൾ അടക്കമുള്ള ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾക്ക് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകരുതെന്ന ശിപാർശ റിപ്പോർട്ടിൽ എ.ഡി.ആർ മുന്നോട്ടുവെക്കുന്നു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ അതിവേഗം കണ്ടെത്തുകയും സമഗ്രവും ആധികാരികവുമായ പൊലീസ് അന്വേഷണം ഉറപ്പാക്കുകയും വേണം. ആരോപണവിധേയരായ സ്ഥാനാർഥികളെ വോട്ടർമാർ തെരഞ്ഞെടുക്കരുതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

25 വർഷത്തിലേറെയായി തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പരിഷ്കാരങ്ങൾക്കായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ കക്ഷിരഹിത, ലാഭരഹിത സംഘടനയാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്.

Tags:    
News Summary - Sexual Violence Against Women: 151 Sitting MPs and MLAs Face Cases of Crimes Against Women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.