ചണ്ഡിഗഢ്: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹരിയാനയിൽ നടന്നുവരുന്ന സർക്കാർതല റിക്രൂട്ട്‌മെന്‍റുകളുടെ ഫലപ്രഖ്യാപനം നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശം. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് നൽകിയ പരാതിയിലാണ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.
ഹരിയാന പൊലീസ് സേനയിലെ 5600 കോൺസ്റ്റബിൾ തസ്തികയിലും ഹരിയാന സ്റ്റാഫ് സെലക്ഷൻ കമീഷന്‍റെ (എച്ച്.എസ്.എസ്.സി) 76 ടി.ജി.ടി, പി.ടി.ഐ തസ്തികകളിലും ഹരിയാന പബ്ലിക് സർവീസ് കമീഷന്‍റെ (എച്ച്.പി.എസ്.സി) നിരവധി തസ്തികകളിലും നടക്കുന്ന നിയമനങ്ങൾക്കാണ് വിലക്കുള്ളത്.
കോൺഗ്രസിന്‍റെ പരാതി ലഭിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാറിന്‍റെ വിശദീകരണം തെരഞ്ഞെടുപ്പ് കമീഷൻ തേടിയിരുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ റിക്രൂട്ട്മെന്‍റ് നടപടികൾ ആരംഭിച്ചെന്നും മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ സ്ഥിരീകരിച്ചു.
എന്നാൽ, തെരഞ്ഞെടുപ്പിന്‍റെ സുതാര്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഫലപ്രഖ്യാപനം കഴിയും വരെ റിക്രൂട്ട്മെന്‍റ് നടപടികൾ നിർത്തിവെക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ബന്ധപ്പെട്ട വിഭാഗങ്ങളോട് നിർദേശിക്കുകയായിരുന്നു.
ഒക്ടോബർ ഒന്നിനാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഒക്ടോബർ നാലിനാണ് വോട്ടെണ്ണൽ. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന ആദ്യ തെരഞ്ഞെടുപ്പിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.