ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ നീക്കങ്ങൾ മുറുകിയ ജമ്മു-കശ്മീരിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എത്തി. ജമ്മു- കശ്മീർ നാഷനൽ കോൺഫറൻസും കോൺഗ്രസും തമ്മിൽ സഖ്യസാധ്യത തെളിഞ്ഞ സാഹചര്യത്തിലാണ് രാഹുൽ - ഖാർഗെ ടീമിന്റെ സന്ദർശനം. ഇൻഡ്യ സഖ്യത്തിലായിരിക്കേ തന്നെ വേറിട്ട് മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമായി ഇറങ്ങാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നത്.
കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 500 തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുമായി ഇന്ന് രാവിലെ ശ്രീനഗറിലെ റാഡിസൺ ഹോട്ടലിൽ രാഹുലും ഖാർഗെയും ആശയ വിനിമയം നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനസ്സറിയാനാണ് അടിത്തട്ടിലുള്ള പ്രവർത്തകരുമായി രാഹുൽ കൂടിക്കാഴ്ച നടത്തുന്നത്. ജമ്മു- കശ്മീരിൽ ഉയർത്താനുള്ള പ്രചാരണ വിഷയങ്ങൾ ഏതൊക്കെയാണെന്നും രാഹുലും ഖാർഗെയും ചർച്ച ചെയ്യും. പ്രവർത്തകരെ കണ്ടശേഷം രാഹുൽ ഗാന്ധി വാർത്താസമ്മേളനം വിളിക്കും. ശ്രീനഗറിലെ പരിപാടിക്കുശേഷം ജമ്മുവിലേക്ക് തിരിക്കുന്ന രാഹുലും ഖാർഗെയും അവിടെയും പ്രവർത്തകരുമായി സമാനമായ രീതിയിൽ ആശയവിനിമയം നടത്തും.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ഒക്ടോബർ നാലിനാണ്. ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി ജമ്മു- കശ്മീരിനെ രണ്ടാക്കി വെട്ടിമുറിച്ച് ശേഷമുള്ള പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പാണിത്. ലഡാകിനെ മുറിച്ചുമാറ്റി കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയതിനാൽ അവിടെ തെരഞ്ഞെടുപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.