കോയമ്പത്തൂർ: സുപ്രീംകോടതി നിർദേശപ്രകാരം സേലം ശിവരാജ് ഹോമിയോപതിക് മെഡിക്കൽ കോളജിൽ ഹൗസ് സർജൻസിക്ക് ചേർന്ന ഹാദിയ അഞ്ചുദിവസത്തെ അവധി ആവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പലിന് അപേക്ഷ നൽകി. ബുധനാഴ്ച ഉച്ചക്ക് 12ഒാടെ ഭർത്താവ് ശഫിൻ ജഹാൻ ഹാദിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഭിഭാഷകനൊപ്പമാണ് കോളജിലെത്തിയത്. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. പ്രിൻസിപ്പൽ ഡോ. ജി. കണ്ണെൻറയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് സംസാരിച്ചത്. സി.സി.ടി.വി സംവിധാനമുള്ള മുറിയിലാണ് കൂടിക്കാഴ്ചയൊരുക്കിയത്.
എം.ജി.ആർ മെഡിക്കൽ സർവകലാശാലയുടെ അനുമതി ലഭ്യമാവാത്തതിനെ തുടർന്ന് ഹാദിയക്ക് ഇേൻറൺഷിപ് തുടങ്ങാനായിട്ടില്ല. സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാനും സ്വാതന്ത്ര്യമില്ല. പൊലീസ് അകമ്പടിയോടെയാണ് കോളജിനകത്തെ സഞ്ചാരം. ഇൗ സാഹചര്യത്തിലാണ് അഞ്ചുദിവസത്തെ അവധി ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് അപേക്ഷ നൽകിയത്. ഇക്കാര്യത്തിൽ കോളജ് അധികൃതർ തീരുമാനമെടുത്തിട്ടില്ല. നിയമോപദേശം തേടാനുള്ള ശ്രമത്തിലാണ്.
അവധിസമയത്ത് ഹാദിയയെ ആരോടൊപ്പമയക്കുമെന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഭർത്താവ് ശഫിൻ ജഹാനെയും മാതാപിതാക്കളെയും ഒഴിവാക്കി കോളജ് പ്രിൻസിപ്പലിനെയാണ് സുപ്രീംകോടതി ഹാദിയയുടെ താൽക്കാലിക രക്ഷകർത്താവായി നിയമിച്ചത്. ശഫിൻ ജഹാനും അഭിഭാഷകനും ഉപദേശിച്ചതനുസരിച്ചാണ് ഹാദിയ അവധിക്ക് അപേക്ഷിച്ചതെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.