മുംബൈ: സഖ്യ കക്ഷിയായ എൻ.സി.പിക്കെതിരെ ശിവസേന മുഖപത്രമായ സാമ്നെ. എൻ.സി.പിയെ മുന്നോട്ടു നയിക്കാൻ തന്റെ പിൻഗാമിയെ വളർത്തിയെടുക്കുന്നതിൽ പ്രസിഡന്റ് ശരദ് പവാർ പരാജയപ്പെട്ടുവെന്നാണ് സാമ്നെയുടെ വിമർശനം. അതേസമയം എൻ.സി.പിയെ പിളർത്താനുള്ള ബി.ജെ.പിയുടെ തന്ത്രം അതിജീവിക്കാൻ പവാറിന് കഴിഞ്ഞുവെന്നും പത്രം പ്രശംസിക്കുന്നുണ്ട്.
''രാഷ്ട്രീയത്തിലെ വൻമരമാണ് ശരദ്പവാർ. കോൺഗ്രസിൽ നിന്ന് പുറത്തുവന്ന ശേഷം ശരദ്പവാർ രൂപീകരിച്ചതാണ് എൻ.സി.പി(നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി). ഇന്നുകാണുന്ന രീതിയിലേക്ക് അദ്ദേഹം പാർട്ടിയെ വളർത്തിക്കൊണ്ടുവന്നു. എന്നാൽ തനിക്കു ശേഷം പാർട്ടിയെ നയിക്കാൻ ഒരാളെ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയിലാണ് എൻ.സി.പിയുടെ വേര്''-എന്നാണ് സാമ്നയിൽ എക്സിക്യൂട്ടീവ് എഡിറ്റർ ആയ എം.പി സഞ്ജയ് റാവുത്ത് എഴുതിയത്.
''ദേശീയ തലത്തിൽ ശരദ്പവാർ വലിയ നേതാവാണ് എന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. എന്നാൽ ശരദ്പവാറിനു ശേഷം എൻ.സി.പിയെ ആരു നയിക്കും എന്നത് ചോദ്യചിഹ്നമാണ്. അതാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ കണ്ടത്. എല്ലാ പാർട്ടി പ്രവർത്തകരും ശരദ്പവാറിന്റെ രാജിപ്രഖ്യാപനത്തിൽ അസ്വസ്ഥരായി''-റാവുത്ത് തുടർന്നു.
അതേസമയം രാജിവെക്കാനുള്ള ശരദ് പവാറിന്റെ തീരുമാനത്തെ ശിവസേന മുഖപത്രം പ്രശംസിക്കുന്നുമുണ്ട്. ശിവസേനയെ ബി.ജെ.പി പിളർത്തി.അതുപോലെ എൻ.സി.പിയെയും രണ്ടാക്കാനായിരുന്നു അവരുടെ പദ്ധതി. അവർ എല്ലാം തയാറാക്കി നിൽക്കുകയായിരുന്നു. എന്നാൽ ശരദ് പവാറിന്റെ അറ്റകൈ പ്രയോഗം ബി.ജെ.പിയുടെ എല്ലാ പദ്ധതികളും തകിടം മറിച്ചു.''-എന്നും പത്രം വിലയിരുത്തി.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സി.ബി.ഐയുടെയും ആദായ നികുതി വകുപ്പിന്റെയും റെയ്ഡിൽ നിന്ന് രക്ഷപ്പെടാൻ ശരദ്പവാർ ബി.ജെ.പിയുമായി ചേർന്നു നിൽക്കണമെന്നാണ് ഒരുവിഭാഗം എൻ.സി.പി പ്രവർത്തകർ ആഗ്രഹിച്ചത്. എന്നാൽ പവാർ അവരുമായി കൂട്ടുകൂടാൻ തീരുമാനിച്ചില്ല. അദ്ദേഹം രാജി പ്രഖ്യാപിച്ചപ്പോൾ തന്നെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അതിന്റെ പ്രതിഫലനമുണ്ടായി. പാർട്ടി സമ്മർദ്ദം ചെലുത്തിയാണ് അദ്ദേഹത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയല്ലാതെ മറ്റൊരു വഴിയും ശരദ്പവാറിന് മുന്നിൽ ഇല്ലെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.