ന്യൂഡൽഹി: എൻ.സി.പി നേതാവ് ശരദ് പവാറിനോട് അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാരണം ശരദ് പവാർ ഇന്ത്യൻ പ്രധാനമന്ത്രിയല്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. പവാർ അദാനിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നില്ല. നിലവിൽ പ്രധാനമന്ത്രിയല്ലാത്തതിനാൽ അദാനിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയെ കുറിച്ച് ഞാൻ ഒന്നും ചോദിക്കേണ്ടതില്ല.
അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണ്. അതാണ് ഞാൻ മോദിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. പ്രധാനമന്ത്രിക്കസേരയിലിരുന്ന് ശരദ് പവാർ അദാനിയെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെങ്കിൽ ഈ ചോദ്യങ്ങൾ അദ്ദേഹത്തോടും ചോദിക്കുമായിരുന്നുവെന്നും രാഹുൽ വ്യക്തമാക്കി. ഇന്തോനേഷ്യയിൽ നിന്ന് കൽക്കരി വാങ്ങുന്ന അദാനി അത് ഇന്ത്യയിൽ ഇരട്ടി വിലക്ക് വിൽപന നടത്തുകയാണെന്ന ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടും രാഹുൽ ഉദ്ധരിച്ചു.
ഗുജറാത്ത് വൈദ്യുതി നിലയത്തിന്റെ ഉദ്ഘാടനവേളയിൽ ശരദ് പവാർ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതെ കുറിച്ച് അന്വേഷിച്ചിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു രാഹുൽ മറുപടി നൽകിയത്.
രാജ്യത്ത് വൈദ്യുതി ബില്ല് കുതിച്ചുയരുന്നതിന് കാരണം അദാനിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നിങ്ങൾ ഒരു ഫാനിന്റെയോ ലൈറ്റിന്റെയോ സ്വിച്ച് ഇടുമ്പോൾ അതിന്റെ പണം അദാനിയുടെ കീശയിലേക്കാണ് പോകുന്നത്. ഓരോ യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതിനും നിങ്ങൾ കൂടുതൽ പണംനൽകേണ്ടി വരുന്നു.32000 കോടി രൂപയാണ് ആ സംഖ്യ എന്നോർക്കണം. മോദിയുടെ സഹായമില്ലാതെ ഇതൊന്നും സാധ്യമല്ല. -രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് വൈദ്യുതി സബ്സിഡി നൽകുന്ന കാര്യവും രാഹുൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.