മുംബൈ: എൻ.സി.പി വിമതനേതാവായ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായുള്ള കൂടിക്കാഴ്ചയിൽ തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനംചെയ്തെന്ന വാദം തള്ളി എൻ.സി.പി അധ്യക്ഷൻ ശരദ്പവാർ. ബുധനാഴ്ച ഔറംഗാബാദിൽ വാർത്തസമ്മേളനത്തിലാണ് പവാറിന്റെ പ്രതികരണം. അജിത്തുമായുള്ള കൂടിക്കാഴ്ച കുടുംബകാര്യം മാത്രമാണെന്നും അതിൽ രാഷ്ട്രീയമില്ലെന്നും ആവർത്തിച്ച പവാർ അജിത്തടക്കമുള്ള പാർട്ടി വിട്ട നേതാക്കളുടെ തലപ്പത്തിരുന്ന മുതിർന്ന നേതാവാണ് താനെന്നും അതിനാൽ തനിക്ക് വാഗ്ദാനം നൽകാൻ കഴിയുന്നവർ അക്കൂട്ടത്തിലില്ലെന്നും പറഞ്ഞു.
പവാർ-അജിത് കൂടിക്കാഴ്ച പ്രതിപക്ഷസഖ്യമായ ‘ഇൻഡ്യ’യെയും മഹാരാഷ്ട്രയിലെ എം.വി.എ സഖ്യത്തെയും അലട്ടിയിരുന്നു. പവാറില്ലാതെ എം.വി.എ മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസും ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും ശ്രമംതുടങ്ങിയെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, അതിൽ വാസ്തവമില്ലെന്ന് പവാർ പറഞ്ഞു. പുണെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദിപങ്കിട്ട വിവാദത്തിലും പവാർ പ്രതികരിച്ചു.
പ്രധാനമന്ത്രിക്ക് അവാർഡ് നൽകിയ ലോക്മാന്യ തിലക് ട്രസ്റ്റിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുശീൽ കുമാർ ഷിൻഡെ അംഗമാണ്. ചടങ്ങിൽ അദ്ദേഹവും പങ്കെടുത്തു. എന്നാൽ, അത് വിഷയമായില്ല. തന്റെ സാന്നിധ്യം മാത്രമാണ് ചർച്ചയായതെന്നും പവാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.