ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജനതാദളിലേക്ക് (യു) മടങ്ങുകയാണെന്ന് അഭ്യൂഹങ്ങൾ തള്ളി ശരത് യാദവിെൻറ ലോക്താരന്തിക് ജനതാദൾ. ജെ.ഡി.യുവിലേക്ക് പോകുമെന്നത് വ്യാജ വാർത്തയാണെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും ഞായറാഴ്ച ഡൽഹിയിൽ ചേർന്ന പാർട്ടി യോഗത്തിന് ശേഷം നേതാക്കൾ വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിലായതിനാൽ ശരത് യാദവ് യോഗത്തിനെത്തിയിരുന്നില്ല.
'2015ൽ ബിഹാറിൽ അധികാരത്തിലെത്തിയ മഹാസഖ്യത്തിലെ ജെ.ഡി.യുവിെൻറ ഭാഗമായിരുന്നു ശരത് യാദവെന്ന് വ്യക്തമാക്കാൻ എൽ.ജെ.ഡി ആഗ്രഹിക്കുന്നു. അതോടൊപ്പം അടുത്ത തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ സംസ്ഥാനത്ത് അധികാരത്തിലേറ്റാൻ പാർട്ടി പരിശ്രമിക്കും. മഹാസഖ്യത്തിന് പിന്തുണ നൽകാനാണ് എൽ.ജെ.ഡി തീരുമാനം.' പാർട്ടി ജനറൽ സെക്രട്ടറി സുശീല മൊറാലെ പ്രസ്താവനയിലൂടെ വ്യകതമാക്കി.
അസുഖബാധിതനായ ശരത് യാദവിെൻറ ആരോഗ്യനില സംബന്ധിച്ച് നിതീഷ് കുമാർ വിവരങ്ങൾ ആരായുകയും, ജെ.ഡി.യു നേതാക്കൾ നിരന്തരം ബന്ധപ്പെടുകയും ചെയ്തതോടെയാണ് യാദവ് പഴയ തട്ടകത്തിലേക്ക് മടങ്ങുമെന്ന് വ്യാപക പ്രചാരണങ്ങൾ ഉയർന്നത്. മഹാസഖ്യത്തിൽ തങ്ങൾക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതി പാർട്ടി വൃത്തങ്ങളിൽ നിന്നും ഉയർന്നതും ഇൗ വാദങ്ങൾക്ക് ശക്തി പകർന്നു.
2017ലാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ശരത് യാദവിനെ ജെ.ഡി.യുവിൽ നിന്ന് പുറത്താക്കിയത്. മഹാസഖ്യത്തിെൻറ ഭാഗമായി 2019 ലോക്സഭ തെരച്ചെടുപ്പിൽ മധേപുര മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.
മഹാസഖ്യത്തെ പിളർത്തി ബി.ജെ.പിയുമായി വീണ്ടും സർക്കാറുണ്ടാക്കാൻ തീരുമാനിച്ചതോടെയാണ് നിതീഷ് കുമാറും ശരത് യാദവും തമ്മിൽ ഉടക്കിയത്. തൽഫലമായി 2017ൽ യാദവിനെ രാജ്യസഭയിലെ നേതൃസ്ഥാനത്ത് നിന്നും നീക്കി. ജെ.ഡി.യുവിെൻറ പരാതിയിൽ യാദവിനെ രാജ്യസഭയിൽ നിന്നും അയോഗ്യനാക്കുകയും ചെയ്തു. എന്നാൽ തീരുമാനം ഇപ്പോൾ കോടതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.