ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട ബി.ജെ.പി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് വോട്ട് ചെയ്ത് വീണ്ടും അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ മണിപ്പൂരിലെ വോട്ടർമാർ കടുത്ത വഞ്ചന അനുഭവിക്കുകയാണെന്നും തരൂർ പറഞ്ഞു.
“മണിപ്പൂരിൽ അക്രമങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, നമുക്ക് വാഗ്‌ദാനം ചെയ്‌തിരുന്ന ഏറെ കൊട്ടിഘോഷിച്ച സദ്‌ഭരണത്തിന് എന്ത് സംഭവിച്ചുവെന്ന് ശരിയായി ചിന്തിക്കുന്ന എല്ലാ ഇന്ത്യക്കാരും സ്വയം ചോദിക്കണം. ബി.ജെ.പിയെ അധികാരത്തിലെത്തിച്ച് ഒരു വർഷം പിന്നിടുമ്പോൾ മണിപ്പൂരിലെ വോട്ടർമാർ കടുത്ത വഞ്ചന അനുഭവിക്കുകയാണ്. രാഷ്ട്രപതി ഭരണത്തിന് സമയമായി, എന്തിനാണോ അവർ തെരഞ്ഞെടുക്കപ്പെട്ടത്, ആ ജോലി ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല.” തരൂർ ട്വിറ്ററിൽ കുറിച്ചു.
സംഘർഷ സാധ്യത നിലനിൽക്കുന്ന മണിപ്പൂരിൽ കർഫ്യുവിൽ ഭാഗിക ഇളവ് അനുവദിച്ചിട്ടുണ്ട്. രാവിലെ ഏഴ് മുതൽ 10 വരെയാണ് ഇളവ് അനുവദിച്ചത്. ചുരചാന്ദ്പൂർ ജില്ലയിലാണ് ഇളവ്. സർക്കാറിന്റെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടക്കുന്നുണ്ട്.
ഇതിനിടെയാണ് കർഫ്യുവിൽ ഇളവ് അനുവദിച്ചത്. പട്ടിക വർഗ പദവിയെ ചൊല്ലി സംഘട്ടനം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ മരണസംഖ്യ ഉയരുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതുവരെ മരിച്ചത് 54 പേരെന്ന് സർക്കാർ പറയുമ്പോൾ എത്രയോ അധികം പേർ കൊല്ലപ്പെട്ടതായി അനൗദ്യോഗിക സ്രോതസ്സുകൾ സൂചിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.