യു.പിയിൽ ക്രമേക്കടെന്ന് തരൂർ പക്ഷം; മിസ്ത്രി തള്ളി

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യു.പിയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നും അവിടെനിന്നുള്ള എല്ലാ വോട്ടുകളും അസാധുവാക്കണമെന്നും തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് കത്തയച്ച് ശശി തരൂർ പക്ഷം. എന്നാൽ, അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇത് തള്ളിക്കളഞ്ഞു. യു.പിയിൽനിന്നുള്ള വോട്ടും കൂട്ടിക്കലർത്തിയാണ് എണ്ണിയത്.

തരൂർ പക്ഷത്തിനുവേണ്ടി മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റ് സൽമാൻ സോസാണ് ദീർഘമായ കത്തെഴുതിയത്. അതേസമയം, പാർട്ടിയിൽ ആഭ്യന്തരമായി അയച്ച കത്ത് പുറത്തായത് വിമർശിക്കപ്പെട്ടതോടെ തരൂർ ഖേദം പ്രകടിപ്പിച്ചു.

യു.പിയിൽനിന്ന് ലഭിച്ച പരാതി ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് ചെയ്തതെന്നും, 22 വർഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ പലവിധ പോരായ്മകളുണ്ടെങ്കിലും ബന്ധപ്പെട്ടവരെ അവിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.പിക്കു പുറമെ പഞ്ചാബ്, തെലങ്കാന എന്നിവിടങ്ങളിലും ക്രമക്കേട് നടന്നതായി തെരഞ്ഞെടുപ്പ് അതോറിറ്റിക്ക് എഴുതിയ കത്തിൽ തരൂർ പക്ഷം കുറ്റപ്പെടുത്തി. വോട്ടെടുപ്പിന്‍റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്നതാണ് വിഷയമെന്ന് ചിത്രങ്ങൾ സഹിതം നൽകിയ കത്തിൽ അദ്ദേഹം വിശദീകരിച്ചു.

സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് വേണമെന്ന പ്രസിഡന്‍റിന്‍റെയും പ്രവർത്തക സമിതിയുടെയും നിർദേശമാണ് മല്ലികാർജുൻ ഖാർഗെയുടെ അറിവില്ലാതെയാണെങ്കിലും അദ്ദേഹത്തിന്റെ അനുകൂലികൾ ലംഘിച്ചത്.

ഔദ്യോഗികമായി നൽകാത്ത സീൽ യു.പിലെ ആറിൽ രണ്ടു ബാലറ്റ് പെട്ടികളിൽ ഉപയോഗിച്ചു, പോളിങ് ബൂത്തുകളിൽ അനധികൃതമായി ആളുകൾ കടന്നു, വോട്ടെടുപ്പ് കൃത്രിമം ഉണ്ടായി, പോളിങ് സമ്മറി ഷീറ്റ് ഇല്ല, സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ അസാന്നിധ്യം തുടങ്ങിയവയാണ് പരാതികൾ.

വോട്ടു ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതികളുമുണ്ട്. ക്രമക്കേട് ശ്രദ്ധയിൽപെടുത്തിയപ്പോൾ എതിർസ്ഥാനാർഥിയുടെ പോളിങ് ഏജന്‍റുമാർ ബഹളമുണ്ടാക്കുകയാണ് ചെയ്തത്.  നിഷ്പക്ഷമായല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും ഖാർഗെയെ നെഹ്റു കുടുംബം പിന്തുണക്കുന്ന സ്ഥാനാർഥിയായാണ് അവതരിപ്പിച്ചതെന്നും തരൂർ പലവട്ടം കുറ്റപ്പെടുത്തിയിരുന്നു.

വോട്ടർപട്ടികയിൽ കുറെപ്പേരെ ഒഴിവാക്കുകയും നിരവധി പേരെ തിരുകിക്കയറ്റുകയും ചെയ്തതായും ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വോട്ടെണ്ണലിന് തലേന്ന് രാത്രി വോട്ടെടുപ്പ് ക്രമക്കേട് ആരോപിച്ച് തരൂർ പക്ഷം കത്തയച്ചത്.

പരാതികൾക്ക് ഓരോന്നിനും കൃത്യമായ മറുപടി നൽകുമെന്ന് ഫലപ്രഖ്യാപനം നടത്തിയ വാർത്തസമ്മേളനത്തിൽ മധുസൂദൻ മിസ്ത്രി പറഞ്ഞു. പരാതിയിൽ വ്യക്തമായി ഒന്നും പറയുന്നില്ല. യു.പിയിലെ എല്ലാ പെട്ടികളും നൽകിയാലും തരൂർ ജയിക്കില്ലെന്നും മിസ്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Shashi Tharoor's party has sent a letter to election authority-serious irregularity in the Congress presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.