നിതീഷ് കുമാർ ​'സ്നോളിഗോസ്റ്റർ'; ഇംഗ്ലീഷ് വാക്കുമായി വീണ്ടും ശശി തരൂർ

ന്യൂഡൽഹി: ബിഹാറിലെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ കാലുമാറ്റത്തെ വിശേഷിപ്പിക്കാൻ  ഇംഗ്ലീഷ് വാക്കുമായി ശശി തരൂർ. സ്നോളിഗോസ്റ്റർ എന്നാണ് നിതീഷ് കുമാറിനെ ശശി തരൂർ വിശേഷിപ്പിച്ചത്. കൗശലക്കാരനും നെറികെട്ട രാഷ്ട്രീയക്കാരനുമാണ് നിതീഷ് കുമാർ എന്നാണ് ശശിതരൂർ ഈ വാക്കിലൂടെ ഉ​ദ്ദേശിച്ചത്. എക്സ് പ്ലാറ്റ്ഫോം വഴിയായിരുന്നു തരൂരിന്റെ പ്രതികരണം.

''ഇന്നത്തെ വാക്ക് സ്നോളിഗോസ്റ്റർ; യു.എസ് ഇംഗ്ലീഷിലെ ഈ വാക്കിന് കൗശലക്കാരൻ, ആദർശമില്ലാത്ത രാഷ്ട്രീയക്കാരൻ എന്നൊക്കെയാണ് അർഥം.''-എന്നാണ് തരൂർകുറിച്ചത്.

നിതീഷ് കുമാർ മഹാസഖ്യം വിട്ടയുടൻ 2017ൽ താൻ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റുകൾ തരൂർ വീണ്ടും ഷെയർ ചെയ്തു. സ്നോളിഗോസ്റ്റർ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1845 ലാണ്. ഏറ്റവുമൊടുവിൽ ഉപയോഗിച്ചത് 2017 ജൂലൈ 26നും. എന്നാൽ അന്ന് ഈ വാക്കിനെ പരിചയപ്പെടുത്തിയപ്പോൾ മറ്റൊരു ദിവസം കൂടി ഈവാക്ക് ഉപയോഗിക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്നും തരൂർ കുറിച്ചിട്ടുണ്ട്. 2017ൽ നിതീഷ് ബി.ജെ.പിക്കൊപ്പം പോയപ്പോഴാണ് തരൂർ ഈ വാക്ക് ഉപയോഗിച്ചത്.

ഫാരോഗോ, അലൊഡോക്‌സഫോബിയ എന്ന വാക്കുകളും തരൂർ സൈബർ ലോകത്തിന് പരിചയപ്പെടുത്തിയിരുന്നു. ബി.ജെ.പിയെ പരിഹസിക്കാനാണ് അലൊഡോക്‌സഫോബിയ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത്. അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം എന്നാണ് അലൊഡോക്‌സഫോബിയ എന്ന വാക്കിന്റെ അർഥം.

ബിഹാറിലെ ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകത്തിന് പരിസ്മാപ്തി കുറിച്ച് ഇന്ന് രാവിലെയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചത്. നിതീഷ് കുമാറിന്‍റെ ജെ.ഡി.യു- ബി.ജെ.പി സഖ്യ സർക്കാർ ഇന്ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. ബി.ജെ.പി എം.എൽ.എമാർ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തി.

Tags:    
News Summary - Shashi Tharoor's 'word of the day' swipe at Nitish Kumar amid Bihar drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.