ചെന്നൈ: വി.കെ. ശശികലയുടെ 350 കോടി രൂപയുടെ സ്വത്ത് കൂടി തമിഴ്നാട് സര്ക്കാര് കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് സർക്കാർ ഏറ്റെടുത്തത്. രണ്ട് ദിവസത്തിനിടെ ശശികലയുടെ 1,200 കോടിയുടെ സ്വത്തുക്കളാണ് സര്ക്കാര് കണ്ടുകെട്ടിയത്.
ശശികലയുടെ അടുത്ത ബന്ധുക്കളായ ജെ. ഇളവരശി, വി.എൻ. സുധാകരൻ എന്നിവരുടെ പേരിൽ കാഞ്ചിപുരം, ചെങ്കൽപ്പട്ട് ജില്ലകളിലുള്ള 315 കോടി വിലമതിപ്പുള്ള സ്വത്തുക്കൾ സർക്കാർ കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. കൊടനാട് എസ്റ്റേറ്റ് ഉൾപ്പെടെ ശശികലയുടെ സ്വത്തുക്കളും കണ്ടുകെട്ടാൻ തമിഴ്നാട് സർക്കാർ നീക്കം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
നാലു വർഷത്തെ ജയിൽശിക്ഷ പൂർത്തിയാക്കി ശശികല സജീവ രാഷ്ട്രീയത്തിലിറങ്ങാനിരിക്കെയാണ് തമിഴ്നാട് സർക്കാർ നടപടികൾ ത്വരിതപ്പെടുത്തിയത്. ഇളവരശി, സുധാകരൻ എന്നിവരുടെ പേരിലുള്ള ചെന്നൈ ആയിരംവിളക്ക് വാൾസ് ഗാർഡനിലെ കെട്ടിടങ്ങളും ത്യാഗരായനഗർ ശ്രീരാം നഗറിലെ വീടുകളും സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം സർക്കാർ കണ്ടുകെട്ടിയതായി ചെന്നൈ ജില്ല കലക്ടർ ഉത്തരവിറക്കിയിരുന്നു.
അവിഹിത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയനുസരിച്ചാണ് നടപടി. ഇൗ നിലയിലാണ് ചൊവ്വാഴ്ച കാഞ്ചിപുരം ജില്ലയിലെ വാലാജബാദ് ഉൗത്തുക്കാടിലെ ഇരുവർക്കും സ്വന്തമായ മെഡോ അഗ്രോ ഫാംസ് പ്രൈവറ്റ് ലിമിറ്റഡിെൻറ കീഴിലുള്ള 141.75 ഏക്കർ വിസ്തൃതിയിലുള്ള 17 ഭൂസ്വത്തുക്കൾ പിടിച്ചെടുത്തത്. ഇതിന് 300 കോടിയോളം മതിപ്പുവിലയുണ്ട്. ചെങ്കൽപ്പട്ട് ജില്ലയിലെ സെയ്യൂരിൽ ആറിടങ്ങളിലായി സിഗ്നോര എൻറർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരിലുള്ള 15.26 ഏക്കർ ഭൂമിയും സർക്കാർ ഏറ്റെടുത്തു.
കേസിലെ മറ്റു രണ്ട് പ്രതികളായ ജയലളിത, ശശികല എന്നിവരുടെ പേരിലുള്ള സ്വത്തുക്കൾ ഇതുവരെ ഏറ്റെടുത്തിട്ടില്ല. ജയലളിതയുടെ പേരിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നത് സർക്കാറിന് അപകീർത്തിയാവുമെന്നതിനാലാണ് നടപടി നിർത്തിവെച്ചിരുന്നത്. ജയലളിതയുടെ മരണത്തോടെ ഇവരുടെ സ്വത്തുക്കളിൽ ഭൂരിഭാഗവും നിലവിൽ ശശികലയുടെ നിയന്ത്രണത്തിലാണ്. ഇൗ നിലയിലാണ് ചെന്നൈ ശിറുതാവൂർ ബംഗ്ലാവ്, നീലഗിരി കൊടനാട് എസ്റ്റേറ്റ് തുടങ്ങിയ സ്വത്തുക്കളും ഏറ്റെടുക്കാൻ സർക്കാർ നീക്കം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.