ന്യൂഡൽഹി: 2014ന് മുമ്പത്തെ 'ഫോൺ ബാങ്കിങ്ങി'ൽ നിന്ന് ഡിജിറ്റൽ ബാങ്കിങ്ങിലേക്കുള്ള മാറ്റം ഇന്ത്യയെ സുസ്ഥിര വികസനപാതയിലെത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ഫോൺ ബാങ്കിങ്ങി'ൽ ബാങ്കുകൾക്ക് ഫോൺ വഴിയായിരുന്നു ഇടപാട് സംബന്ധിച്ചുള്ള നിർദേശങ്ങൾ നൽകിയിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ബാങ്കിങ് സമ്പ്രദായത്തിന്റെ കരുത്തുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ സർക്കാർ കൊണ്ടുവന്ന ഡിജിറ്റൽ മാറ്റം ഇന്ത്യയെ സുസ്ഥിര വികസനപാതയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിങ് സേവനങ്ങൾ ലളിതമാക്കുന്നതിനുള്ള 75 ഡിജിറ്റൽ ബാങ്കിങ് യൂനിറ്റുകൾ (ഡി.ബി.യു) വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഗുണഭോക്താക്കൾക്ക് ആനുകൂല്യം നേരിട്ടെത്തിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.ടി) പോലുള്ള സംവിധാനങ്ങൾ സുതാര്യത ഉറപ്പാക്കിയിട്ടുണ്ട്. ഡി.ബി.ടി സംവിധാനത്തിലൂടെ ഇതുവരെ 25 ലക്ഷം കോടി രൂപ കൈമാറ്റം ചെയ്തു. പി.എം-കിസാൻ പദ്ധതിയിലൂടെയുള്ള ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് തിങ്കളാഴ്ച കൈമാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു-കശ്മീരിലെ രണ്ടെണ്ണമടക്കം 75 ഡിജിറ്റൽ ബാങ്കിങ് യൂനിറ്റുകളാണ് മോദി ഉദ്ഘാടനം ചെയ്തത്. 11 പൊതുമേഖല ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, ഒരു ചെറുകിട ധനകാര്യബാങ്ക് എന്നിവയിലാണ് ഡി.ബി.യു പദ്ധതി ആവിഷ്കരിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷികത്തോടനുബന്ധിച്ചാണ് രാജ്യത്തെ 75 ജില്ലകളിൽ 75 ഡി.ബി.യുകൾ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.