ചണ്ഡിഗഡ് സർവകലാശാല വിദ്യാർഥികളുടെ പ്രതിഷേധം

വിദ്യാർഥിനി സ്വന്തം സ്വകാര്യ ദൃശ്യങ്ങളാണ് സുഹൃത്തിന് അയച്ചതെന്ന് സർവകലാശാല; ഷിംലയിലെ ആൺ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

മൊഹാലി: ചണ്ഡിഗഢ് യൂനിവേഴ്സിറ്റി വിദ്യാർഥിനി വനിത ഹോസ്റ്റലിലെ അറുപതോളം വിദ്യാർഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രസ്താവനയുമായി സർവകലാശാല. വിദ്യാർഥിനി സ്വന്തം ദൃശ്യങ്ങളാണ് പകർത്തി ആൺസുഹൃത്തിന് അയച്ചതെന്നും മറ്റുള്ള വിദ്യാർഥിനികളുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നും സർവകലാശാല പറഞ്ഞു. വിദ്യാർഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചെന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

വിദ്യാർഥികളുടെ പരാതി പ്രകാരം സർവകലാശാല നിർദേശിച്ചതനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഒരു പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. ഹോസ്റ്റലിൽ താമസിക്കുന്ന ഒന്നാം വർഷ എം.ബി.എ വിദ്യാർഥിനിയാണ് അറസ്റ്റിലായത്. മൊഹാലി സൈബർ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. മൊബൈൽ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്ത് പരിശോധിക്കുകയാണെന്നും സർവകലാശാല വ്യക്തമാക്കി.

കേസിൽ പ്രതിയായ വിദ്യാർഥിനിയിൽനിന്ന് മറ്റു പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മൊഹാലി പൊലീസ് പറഞ്ഞു. കേസിൽ അറസ്റ്റിലായ വിദ്യാർഥിനി ശുചിമുറിയിൽ സ്വയം ചിത്രീകരിച്ച വിഡിയോ മാത്രമാണ് മൊബൈൽ ഫോണിൽനിന്നു കണ്ടെടുക്കാൻ കഴിഞ്ഞത്. മറ്റാരുടെയും വിഡിയോ താൻ പകർത്തിയിട്ടില്ലെന്നാണു വിദ്യാർഥിനിയുടെ മൊഴിയെന്നും മൊഹാലി എസ്.എസ്‌.പി വിവേക് സോണി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പെൺകുട്ടി ദൃശ്യങ്ങൾ അയച്ചുകൊടുത്ത ആൺ സുഹൃത്തിനെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്ന് അറസ്റ്റു ചെയ്തു. 23കാരനായ സണ്ണി മേത്ത എന്നയാളാണ് അറസ്റ്റിലായത്.

വിദ്യാർഥിനി പകർത്തിയ വനിത ഹോസ്റ്റലിലെ കുളിമുറി-ശൗചാലയ ദൃശ്യങ്ങൾ ഷിംലയിലെ ഈ സുഹൃത്തിന് അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇയാളാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

സർവകലാശാല വനിത ഹോസ്റ്റലിലെ കുളിമുറി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് മൊഹാലിയിലെ ചണ്ഡിഗഢ് യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധം അരങ്ങേറിയത്. രാത്രി വൈകിയും യൂനിവേഴ്സിറ്റി കാമ്പസിൽ നിന്ന് പിന്മാറാൻ തയാറായിട്ടില്ല. സംസ്ഥാന സർക്കാർ-പൊലീസ് തലങ്ങളിൽ പ്രശ്നപരിഹാര ചർച്ച നടന്നുവെങ്കിലും രണ്ടാം ദിവസമായ ഇന്നും പ്രതിഷേധം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയാറായിട്ടില്ല.


Tags:    
News Summary - Shimla man arrested in Chandigarh University ‘leaked’ video case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.