ശിവസേന നേതാവിന്റെ സ്വത്ത്ഇ.ഡി കണ്ടുകെട്ടി

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ ശിവസേന നേതാവും മുൻ മന്ത്രിയുമായ അർജുൻ ഖോത്കറുമായി ബന്ധപ്പെട്ട കമ്പനിയുടെ 78.38 കോടി രൂപ മൂല്യമുള്ള സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ശിവസേനയിലെ വിമത നീക്കത്തെതുടർന്ന് സംസ്ഥാനത്തെ അഗാഡി സർക്കാർ പ്രതിസന്ധി നേരിടുന്നതിനിടെയാണ് നടപടി. ശിവസേനയിലെ വിമതർക്ക് പിന്നിൽ ഇ.ഡിയാണെന്ന് ആക്ഷേപമുണ്ട്.

വിമത നേതാവ് ഏക് നാഥ് ഷിൻഡെക്കൊപ്പമുള്ള എം.എൽ.എമാരിൽ പലരും ഔദ്യോഗിക പക്ഷവുമായി സമ്പർക്കത്തിലാണെന്ന വാർത്തകൾക്കുപിന്നാലെയാണ് അർജുൻ ഖോത്കറുടെ കമ്പനിക്കെതിരെ നടപടിയുണ്ടാകുന്നത്. മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിക്കേസിൽ പഞ്ചസാര സഹകരണ ഫാക്ടറി നിയമവിരുദ്ധമായി വിറ്റെന്ന കേസിലാണ് നടപടി. ബോംബെ ഹൈകോടതി ഉത്തരവിനെത്തുടർന്ന് മുംബൈ പൊലീസാണ് ആദ്യം കേസെടുത്തത്. ഈ കേസിന് സമാന്തരമായി ഇ.ഡി കള്ളപ്പണ കേസെടുക്കുകയായിരുന്നു.

ഭരണ പ്രതിസന്ധിക്കിടയിലും ഫണ്ടിന് ഉത്തരവിറക്കി സഖ്യ കക്ഷികൾ

മുംബൈ: ശിവസേനയിലെ വിമത സ്വരത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ ഭരണം ആടിയുലയുന്നതിനിടയിലും വിവിധ പദ്ധതികൾക്ക് കോടികളുടെ ഫണ്ടിനായി ഉത്തരവിറക്കി വകുപ്പുകൾ. കഴിഞ്ഞ 48 മണിക്കൂറിനിടെ 280 ലേറെ ഉത്തരവുകളാണ് സർക്കാർ പുറപ്പെടുവിച്ചത്. ഇവയിലധികവും കോൺഗ്രസും എൻ.സി.പിയും കൈയാളുന്ന വകുപ്പുകളാണ്. ആയിരത്തോളം കോടികൾ വരുന്ന പദ്ധതികളാണ് പലതും. ഭരണം നിശ്ചലമായിരിക്കെ ധിറുതിപിടിച്ച ഫണ്ട് ഉത്തരവുകളിൽ സംശയം പ്രകടിപ്പിച്ച് ബി.ജെ.പി ഗവർണറുടെ ഇടപെടൽ ആവശ്യപ്പെട്ടു. ബി.ജെ.പി നിയമസഭ കൗൺസിൽ നേതാവ് പ്രവീൺ ദരേക്കറാണ് ഗവർണർക്ക് കത്തെഴുതിയത്. 

Tags:    
News Summary - Shiv Sena leader's property confiscated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.