കൊല്ലപ്പെട്ടവര്‍ തീവ്രവാദികള്‍ –ശിവ്രാജ് സിങ് ചൗഹാന്‍

ഭോപാല്‍: ഭോപാലില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ തീവ്രവാദികള്‍ തന്നെയാണെന്നും വിഷയത്തില്‍ ആരും നെറികെട്ട രാഷ്ട്രീയം കളിക്കരുതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍. ജയില്‍ ചാടിയവര്‍ കൊലപ്പെടുത്തി എന്ന് പറയുന്ന ഹെഡ്കോണ്‍സ്റ്റബ്ള്‍ രമാശങ്കര്‍ യാദവിന്‍െറ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദികളെ ഉപയോഗപ്പെടുത്തി ചിലര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. രമാശങ്കറിനെപ്പോലുള്ളവരുടെ രക്തസാക്ഷിത്വം ഇവര്‍ കാണുന്നില്ല. തീവ്രവാദികള്‍ക്കുവേണ്ടി കരയാനാണ് ഇവര്‍ക്ക് താല്‍പര്യം. രമാശങ്കറിന്‍െറ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹത്തിന്‍െറ മകളുടെ വിവാഹ ആവശ്യത്തിലേക്കായി അഞ്ച് ലക്ഷം രൂപ വേറെയും നല്‍കുമെന്നും മന്ത്രി അറിയിച്ചു.

പൊലീസിനെ ചോദ്യംചെയ്യുന്നത് നിര്‍ത്തൂ –കേന്ദ്രമന്ത്രി

 ഭോപാല്‍ ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് പൊലീസിനെ ചോദ്യംചെയ്യുന്നത് നിര്‍ത്തണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയിക്കുന്ന വിഡിയോകള്‍ പ്രചരിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും വിഡിയോകളുടെ അടിസ്ഥാനത്തില്‍ ഇത്തരം ആരോപണങ്ങള്‍ ശരിയല്ല. സത്യം ഉടന്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണം: ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും രണ്ടു വഴിക്ക്

 ഭോപാല്‍ ഏറ്റുമുട്ടല്‍ കൊലയുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ്ങിനും സംസ്ഥാന പൊലീസ് മേധാവി ഋഷികുമാര്‍ ശുക്ളക്കും രണ്ട് അഭിപ്രായം.

അന്വേഷണത്തിന്‍െറ ആവശ്യമില്ളെന്നും എന്‍.ഐ.എ പരിശോധിക്കുന്നത് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയ സംഭവമാണെന്നുമാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍, വിഷയത്തില്‍ സി.ഐ.ഡി അന്വേഷണം നടത്തുമെന്ന് ശുക്ള അറിയിച്ചിട്ടുണ്ട്.

 ഇത്തരം സംഭവങ്ങളില്‍ സി.ഐ.ഡി അന്വേഷണം നടത്തുകയെന്നത് സ്വാഭാവികമായ രീതിയാണ്. അത് ഇവിടെയും ഉണ്ടാകും.
സി.ഐ.ഡി നിയമാനുസൃതം അവരുടെ ദൗത്യം നിര്‍വഹിക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി. എന്നാല്‍, ഏറ്റുമുട്ടലില്‍ ദുരൂഹതയില്ളെന്നും അതിനാല്‍ അന്വേഷണത്തിന്‍െറ ആവശ്യമില്ളെന്നുമാണ് സര്‍ക്കാറിന്‍െറ നിലപാട്. ഇക്കാര്യമാണ് ചൊവ്വാഴ്ച രാവിലെ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

സംഭവത്തെക്കുറിച്ച് ഇതിനകം പൊലീസ് അധികൃതര്‍ വിശദീകരിച്ചുവെന്നും ഇനിയൊരു അന്വേഷണത്തിന്‍െറ ആവശ്യമില്ളെന്നും മന്ത്രി ആവര്‍ത്തിച്ചു.

 

Tags:    
News Summary - Shivraj Singh Chouhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.