ലഖ്നൗ: ജീവന് ഭീഷണിയുണ്ടെന്ന പരാതി യു.പി പൊലീസ് പരിഗണിക്കാത്തതാണ് മാധ്യമപ്രവർത്തകനായ സുലഭ് ശ്രീവാസ്തവയുടെ മരണത്തിന് ഇടയാക്കിയതെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ. യു.പി പൊലീസിെൻറ വീഴ്ച ഞെട്ടിക്കുന്നതാണ്. വിമർശനത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കൈകാര്യം ചെയ്യുന്നത്.
ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് -ഗിൽഡ് വാർത്തകുറിപ്പിൽ വ്യക്തമാക്കി. മദ്യ മാഫിയക്കെതിരെ വാർത്ത നൽകിയതിന് ഭീഷണി നേരിട്ട എ.ബി.പി ന്യൂസിെൻറ റിപ്പോർട്ടറാണ് മരിച്ച സുലഭ് ശ്രീവാസ്തവ. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിൽ പിടിമുറുക്കിയ മദ്യ മാഫിയകൾക്കെതിരെ ഇദ്ദേഹം വാർത്ത നൽകിയിരുന്നു. ഇതിന് ശേഷം പലരും തന്നെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് സുലഭ് പൊലീസിൽ പരാതി നൽകി. ബൈക്ക് അപകടത്തിൽപെട്ടാണ് ഇദ്ദേഹം മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഈ മാസം 13നാണ് സുലഭ് ശ്രീവാസ്തവ മരിച്ചത്.
മരിക്കുന്നതിെൻറ തലേദിവസമാണ് ജീവൻ അപകടത്തിലാണെന്ന് കാണിച്ച് സുലഭ് ശ്രീവാസ്തവ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ബി.ജെ.പി സർക്കാറിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കുറ്റപ്പെടുത്തി. 'സത്യം തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു. യു.പിയിൽ ജംഗിൾ രാജാണെന്ന് വീണ്ടും തെളിയിക്കുന്നു. സുലഭ് ശ്രീവാസ്തവയുടെ കുടുംബാംഗങ്ങളുടെ കണ്ണുനീരിന് എന്തെങ്കിലും ഉത്തരം ഉണ്ടോ' -പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.