ലഖ്നോ: യു.പിയിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം ബൈക്കിൽ ഉപക്ഷേിച്ച് ആശുപത്രി അധികൃതർ. മെയിൻപുരിയിലെ ആശുപത്രിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിലാണ് പെൺകുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ നടപടിയുമായി സർക്കാർ രംഗത്തെത്തി.
ആശുപത്രി പൂട്ടി സീൽ ചെയ്ത സംസ്ഥാന സർക്കാർ രോഗികളെ സമീപത്തെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റി. സംഭവത്തിൽ മെയിൻപുരി ചീഫ് മെഡിക്കൽ ഓഫീസർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രണ്ടംഗ കമിറ്റിയാവും അന്വേഷണം നടത്തുക. മനുഷത്വരഹിതമായ പ്രവൃത്തിയിൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയുടെ അടിസ്ഥാനത്തിൽ ആശുപത്രിക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഖിറോറിലെ സ്വകാര്യ ആശുപത്രിയിലാണ് ബന്ധുക്കൾ വാഹനവുമായി എത്തുന്നതിന് മുമ്പ് മൃതദേഹം പുറത്ത് ഉപേക്ഷിച്ചത്. ആശുപത്രി പൂട്ടി സീൽ ചെയ്തിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഡോ. രമേഷ് ചന്ദ് ഗുപ്ത പറഞ്ഞു.
ആശുപത്രിയിൽ ചികിത്സപ്പിഴവുണ്ടായെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. ചികിത്സപ്പിഴവ് സംബന്ധിച്ച പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കും. പെൺകുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടിട്ടുണ്ട്. ആശുപത്രി ഉടമക്ക് ഇക്കാര്യത്തിൽ നോട്ടീസും നൽകിയിട്ടുണ്ട്.
പനി ബാധിച്ചാണ് 17കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സക്കിടെ പെൺകുട്ടി മരിച്ചു.മൃതദേഹം ഉടൻ തന്നെ ആശുപത്രിയിൽ നിന്നും മാറ്റണമെന്നായിരുന്നു അധികൃതരുടെ ആവശ്യം. എന്നാൽ, ആംബുലൻസ് എത്തുന്നത് വരെ കാത്ത് നിൽക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതെ മൃതദേഹമെടുത്ത് ആശുപത്രിക്ക് പുറത്തുള്ള ബൈക്കിന്റെ സീറ്റിൽ കൊണ്ട് കിടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.