ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് രണ്ടുവർഷത്തെ ശിക്ഷ വിധിച്ചതിനുപിന്നാലെ ‘ഭയപ്പെടരുത്’ എന്ന പോസ്റ്ററുമായി കോൺഗ്രസ് രംഗത്തുവന്നു. ജഡ്ജിമാരെ നിരന്തരം മാറ്റിക്കൊണ്ടിരുന്നതിലൂടെ തന്നെ സൂറത്ത് കോടതി ശിക്ഷ വിധിക്കുമെന്ന് തങ്ങൾക്കറിയാമായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
തങ്ങൾ നിയമത്തിലും കോടതിയിലും വിശ്വാസമുള്ളവരാണെന്നും ഇതിനെതിരെ നിയമത്തിന്റെ വഴിയിൽ പോരാടുമെന്നും ജില്ല കോടതി വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ രാഹുൽ ഗാന്ധിയുടെ ചിത്രത്തിൽ ‘ഭയപ്പെടരുത്’ എന്ന് എഴുതിയ പോസ്റ്റർ പാർട്ടി പങ്കുവെച്ചു. സർക്കാറും ഭരണവും ഭയത്തിലായെന്നും സംവിധാനം പരിഭ്രാന്തിയിലായെന്നും എന്നാൽ ഒരേ ഒരാൾ മാത്രമാണ് ‘ഭയപ്പെടരുത്’ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.
മോദി സർക്കാർ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഇരയാണെന്നും രാഹുൽ ഗാന്ധിയും പ്രതിപക്ഷവും തെറ്റായ ചെയ്തികൾ പുറത്തുകൊണ്ടുവന്ന് ജെ.പി.സി ആവശ്യപ്പെട്ടതോടെ ഭീരുക്കളും ഏകാധിപതികളുമായ ബി.ജെ.പി സർക്കാർ സ്തംഭിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇ.ഡിയെയും പൊലീസിനെയും അയക്കുന്നതും രാഷ്ട്രീയ പ്രസംഗത്തിന് കേസെടുക്കുന്നതുമെന്ന് ഖാർഗെ കുറ്റപ്പെടുത്തി.
തന്റെ സഹോദരൻ ഒരിക്കലും ഭയപ്പെട്ടിട്ടില്ലെന്നും ഇനിയും ഭയപ്പെടില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സത്യം പറഞ്ഞുകൊണ്ടാണ് ജീവിച്ചതെന്നും സത്യം പറയുന്നതും ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നതും തുടരുമെന്നും പ്രിയങ്ക തുടർന്നു. രാഹുൽ ഗാന്ധി നടത്തിയത് അഭിപ്രായ പ്രകടനമാണെന്നും അത് സാധാരണമാണെന്നും എന്നാൽ കോടതിവിധി സമ്മർദത്തെ തുടർന്നുണ്ടായതാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിമർശിച്ചു.
മാധ്യമങ്ങളെ അടിച്ചമർത്താനും കോടതികളെ നിയന്ത്രിക്കാനുമുള്ള ശ്രമം ഉണ്ടെന്നും വ്യത്യസ്ത രാഷ്ട്രീയ പാർട്ടി നേതാക്കൾക്കെതിരെ ഇത്തരത്തിലുള്ള നടപടിയാണ് അവർ എടുക്കുന്നതെന്നും ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഘേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.