ബംഗളൂരു: കർണാടകയിലെ പൊലീസ് സബ് ഇൻസ്പെക്ടർ നിയമന പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെയും പാട്യാലയിലെയും 11 ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണിത്.
അറസ്റ്റിലായ മുൻ എ.ഡി.ജി.പി അമൃത് പോളിന്റെ വസതി, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, വ്യക്തികൾ എന്നിവരുടെ വസതികൾ, സ്വത്തുവകകൾ എന്നിവിടങ്ങളിലടക്കമായിരുന്നു പരിശോധന. ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അമൃത് പോൾ.
പൊലീസ് റിക്രൂട്ട്മെന്റ് സെൽ മുൻ തലവനായ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഇയാൾ. വിവിധ രേഖകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇ.ഡി അറിയിച്ചു. 545 എസ്.ഐമാരുടെ ഒഴിവുകളിലേക്ക് 2021 ഒക്ടോബർ മൂന്നിനാണ് പരീക്ഷ നടന്നത്. ആകെ 54,287 പേരാണ് എഴുതിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ഉദ്യോഗാർഥിയാണ് ക്രമക്കേട് നടന്നുവെന്ന് പരാതി നൽകിയത്.
ഈ വർഷം ഏപ്രിലിലാണ് കേസ് അന്വേഷിക്കണമെന്ന് കർണാടക സർക്കാർ സി.ഐ.ഡിയോട് ആവശ്യപ്പെടുന്നത്. വൻ തട്ടിപ്പാണ് നടന്നതെന്ന സി.ഐ.ഡിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരീക്ഷയുടെ ഫലം ഏപ്രിൽ 29ന് സർക്കാർ പിൻവലിച്ചിരുന്നു.
സി.ഐ.ഡി ഈയടുത്ത് ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രധാന രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ഉദ്യോഗാർഥികൾ തുടങ്ങി വിവിധ മേഖലകളിലുള്ള മറ്റുള്ളവരടക്കം ഒന്നാകെ പങ്കാളികളായ വൻ ക്രമക്കേടാണ് നടന്നിരിക്കുന്നതെന്നാണ് കുറ്റപത്രത്തിലെ വിവരങ്ങൾ തെളിയിക്കുന്നത്.
ഭരണകക്ഷിയായ ബി.ജെ.പിയുമായും കോൺഗ്രസ്, ജെ.ഡി.എസ് പാർട്ടികളുമായും ക്രമക്കേടിന് ബന്ധമുണ്ട്. ആകെ 34 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.