രോഗിയായ 52കാരിയെയും ചുമന്ന് ഡോക്ടറുടെ അടുത്തേക്ക് ബന്ധുക്കൾ നടന്നത് 12 കിലോമീറ്റർ

ഉത്തരകാശി: ഉത്തരാഖണ്ഡിൽ 52കാരിയായ രോഗിയെയും ചുമന്ന് ആരോഗ്യകേന്ദ്രത്തിലേക്ക് ബന്ധുക്കൾ നടന്നത് 12 കിലോമീറ്റർ. ഉത്തരകാശിയിലെ ഡിങ്കഡിയിലാണ് സംഭവം. പനികാരണം അവശനിലയിലായ ശകുന്തള ദേവിയെ ബന്ധുക്കൾ ചുമന്ന് 12 കിലോമീറ്റർ അകലെയുള്ള സർനോളിലെ ആരോഗ്യകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

ഒരാഴ്ചയിലേറെയായി പനിയും നിർജലീകരണവും കാരണം അവശനിലയിലായിരുന്നു ശകുന്തള ദേവി. നാട്ടുചികിത്സ നടത്തിയെങ്കിലും ആരോഗ്യസ്ഥിതിയിൽ മാറ്റമൊന്നും കാണാത്തതിനെ തുടർന്ന് 12 കിലോമീറ്റർ ദൂരത്തുള്ള സർനോളിലെ ഡോക്ടറെ കാണിക്കാനായി ബന്ധുക്കൾ തോളിൽ ചുമന്ന് കൊണ്ടുപോവാൻ തീരുമാനിക്കുകയായിരുന്നു.

സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉത്തരാഖണ്ഡ് രൂപീകരിച്ച് 22 വർഷങ്ങൾ പിന്നിട്ടിട്ടും ഉത്തരകാശി ജില്ലയിലെ എട്ട് ഗ്രാമങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ അവസ്ഥ ദയനീയമാണെന്ന് സാമൂഹിക പ്രവർത്തകൻ കൈലാഷ് റാവത്ത് പറഞ്ഞു.

സാർ, ഡിങ്കാഡി, ഗോതുക, പാന്തി, കിംദാർ, ലെവ്താടി തുടങ്ങിയ ഗ്രാമങ്ങളിൽ യാതൊരുവിധ ആരോഗ്യ സൗകര്യങ്ങളും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശകുന്തള ദേവിയെ മാത്രമല്ല അസുഖം ബാധിച്ച് അവശനിലയിലാവുന്ന ആളുകളെയല്ലാം ഇങ്ങനെ തോളിലേറ്റി കൊണ്ടുപോവേണ്ടി വരാറുണ്ടെന്നും ചിലപ്പോൾ വഴിയിൽ കുടുങ്ങാറുണ്ടെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. കൂടാതെ പ്രദേശത്ത് ശരിയായ റോഡുകളോ വിദ്യാഭ്യാസ സൗകര്യങ്ങളോ ഇല്ലെന്നും സാമൂഹിക പ്രവർത്തകർ പറഞ്ഞു.

Tags:    
News Summary - Sick Woman Carried On Shoulders For 12 Km To See Doctor In Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.