ലഖ്നോ: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ലഖ്നോ കോടതി തള്ളി. സിദ്ദീഖ് കാപ്പനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ കാപ്പനൊപ്പമുണ്ടായിരുന്ന ആലമിന് ഇതേ കേസിൽ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. യു.എ.പി.എ കേസിൽ കാപ്പന് സുപ്രീംകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന് ഇ.ഡി കേസിൽകൂടി ജാമ്യം ലഭിച്ചാലേ ജയിൽ മോചിതനാകാൻ സാധിക്കുകയുള്ളൂ. ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലേക്കു പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. തുടർന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു.
രണ്ടു വർഷം ജയിലിൽ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ മാസം ഉപാധികളോടെ ജാമ്യം നല്‍കിയെങ്കിലും ഇ.ഡി കേസ് കാരണം പുറത്തിറങ്ങാനായില്ല. ഇതേ കേസിൽ ജാമ്യം ലഭിച്ച കാപ്പൻ യാത്രചെയ്ത വാഹനത്തിന്റെ ഡ്രൈവർക്കും ഇ.ഡി കേസുള്ളതിനാൽ ജയിൽമോചനം സാധ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.