ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ഭീകരതവിരുദ്ധ നിയമമായ യു.എ.പി.എ അടക്കം ചുമത്തി ജയിലിൽ അടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലും ജാമ്യം. ഇതോടെ പുറത്തിറങ്ങാനാകും. അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചാണ് സിദ്ദീഖിന്റെ ഹരജിയിൽ വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. യു.എ.പി.എ കേസിൽ സിദ്ദീഖിന് സെപ്റ്റംബർ ഒമ്പതിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസുള്ളതിനാൽ ജയിലിൽ തുടരേണ്ടിവരുകയായിരുന്നു.
ഏറെ വിവാദമായ ഹാഥറസ് കൂട്ടബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിലും ജാമ്യം ലഭിച്ചതോടെ ഉടൻ ജയിൽമോചിതനാകാൻ സാധിക്കുമെന്നും കോടതി അവധി കഴിഞ്ഞാല്‍ ഉടന്‍ ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. യു.എ.പി.എ കേസിൽ വെരിഫിക്കേഷൻ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്.
യു.എ.പി.എ കേസിൽ ലക്ഷം രൂപ വീതം രണ്ടു യു.പി സ്വദേശികളുടെ ആൾജാമ്യം വേണമെന്നായിരുന്നു എൻ.ഐ.എ കോടതി ജാമ്യ വ്യവസ്ഥ. ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ 79കാരിയായ പ്രഫ. രൂപ് രേഖ വർമ, ലഖ്നോ സ്വദേശിയായ റിയാസുദ്ദീൻ എന്നിവരാണ് ജാമ്യം നിന്നത്. സിദ്ദീഖ് താമസിക്കുന്ന ഡൽഹി ഭോഗലിലെ എ.ടി.എം സെന്ററിനൊപ്പമുള്ള കാഷ് ഡെപ്പോസിറ്റ് മെഷീനിൽനിന്ന് അക്കൗണ്ടിലേക്ക് 45,000 രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് 2021 ഫെബ്രുവരിയിൽ ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തിയത്. കേസിൽ കീഴ്കോടതി ജാമ്യ ഹരജി തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
ഹാഥറസിലേക്ക് സിദ്ദീഖ് സഞ്ചരിച്ച കാറിന്റെ ഡ്രൈവർ മുഹമ്മദ് ആലത്തിന് യു.എ.പി.എ കേസിൽ അലഹബാദ് ഹൈകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇ.ഡി കേസുള്ളതിനാൽ ജയിലിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.